കൊച്ചി: ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ പുതിയ മെത്രാനായി തലശേരി അതിരൂപതാ അംഗമായ ഫാ. ജോണ്‍ പനന്തോട്ടത്തിലിനെ (സിഎംഐ) ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.
ഇതുസംബന്ധിച്ച് വത്തിക്കാനിലും സീറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായി.
1966 മെയ് 31 ന് പനന്തോട്ടത്തില്‍ പരേതനായ ജോസഫിന്റെയും ത്രേസ്യയുടെയും മകനായി കണ്ണൂര്‍ ജില്ലയിലെ പേരാവൂരിലായിരുന്നു ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം സിഎംഐ സഭയുടെ കോഴിക്കോട് പ്രൊവിന്‍സില്‍ വൈദിക വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. 1997 ഡിസംബര്‍ 26 നായിരുന്നു പൗരോഹിത്യ സ്വീകരണം.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും എം.എഡും കരസ്ഥമാക്കിയ ഫാ.ജോണ്‍ സിഎംഐ കോഴിക്കോട് പ്രൊവിന്‍സ് സുപ്പീരിയറായി രണ്ട് തവണ നിയമിതനായി. വിദേശ രാജ്യങ്ങളില്‍ വൈദിക ശുശ്രൂഷാ രംഗത്ത് വലിയ അനുഭവ സമ്പത്തുള്ള വ്യക്തിയാണ് ഫാ. ജോണ്‍ പനന്തോട്ടത്തില്‍.
മെല്‍ബണ്‍ രൂപതയുടെ നിയുക്ത മെത്രാന്‍ ഫാ.ജോണ്‍ പനന്തോട്ടത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും വിരമിച്ച മെല്‍ബണ്‍ രൂപത ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂരിനുമൊപ്പം.
ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ വിരമിച്ച ഒഴിവിലാണ് ഫാ. ജോണ്‍ പനന്തോട്ടത്തില്‍ നിയമിതനാകുന്നത്. മെല്‍ബണ്‍ രൂപതയ്ക്ക് വളരെ വലിയ ആത്മീയ നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് മാര്‍ ബോസ്‌കോ പുത്തൂര്‍ ആശംസിച്ചു.
അവിടുത്തെ വൈദീക ഗണത്തിന്റെ പ്രതിനിധികളെ ക്രിസ്തുവിന് അനുയോജ്യരായ വ്യക്തികളായിട്ട് ആത്മീയതയില്‍ വളര്‍ത്തുന്നതിന് നേതൃത്വം നല്‍കാന്‍ മാര്‍ ജോണ്‍ പനന്തോട്ടത്തിലിന് സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു
2013 ഡിസംബര്‍ 23നാണ് ഫ്രാന്‍സിസ് പാപ്പ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത സ്ഥാപിച്ചത്. അമേരിക്കയിലെ ചിക്കാഗോ രൂപതയ്ക്കുശേഷം ഭാരതത്തിന് വെളിയില്‍ സ്ഥാപിതമായ സിറോ മലബാര്‍ രൂപതയാണ് മെല്‍ബണ്‍ സെന്റ് തോമസ് രൂപത.
2014ല്‍ സ്ഥാപിതമാകുമ്പോള്‍ ഓസ്‌ട്രേലിയയില്‍ സ്വന്തമായി പള്ളിയോ മറ്റ് സംവിധാനങ്ങളോ ഇല്ലാതിരുന്ന സിറോ മലബാര്‍ സമൂഹം 13 ഇടവകകളും 28 മിഷനുകളുമായി വളര്‍ച്ചയുടെ പാതയിലാണ്. ഇതിനു പുറമേ ന്യൂസിലന്‍ഡില്‍ പതിനഞ്ചോളം മിഷന്‍ സെന്ററുകളുമുണ്ട്.
2021-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മെല്‍ബണ്‍ സിറോ മലബാര്‍ രൂപതയുടെ ആത്മീയ അധികാര പരിധി ഓസ്‌ട്രേലിയയ്ക്കു പുറമേ ഏഷ്യാനയിലേക്കും ന്യൂസിലന്‍ഡിലേക്കും വ്യാപിപ്പിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.