മൂന്നാം മുന്നണി; ചന്ദ്രശേഖര്‍ റാവുവിന്റെ റാലിയില്‍ പിണറായി പങ്കെടുക്കും: കോണ്‍ഗ്രസിന് ക്ഷണമില്ല

മൂന്നാം മുന്നണി; ചന്ദ്രശേഖര്‍ റാവുവിന്റെ റാലിയില്‍ പിണറായി പങ്കെടുക്കും: കോണ്‍ഗ്രസിന് ക്ഷണമില്ല

ന്യൂഡല്‍ഹി: മൂന്നാം മുന്നണി ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു നടത്തുന്ന റാലിയില്‍ പങ്കെടുക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍.

കോണ്‍ഗ്രസിനെ റാലിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ബുധനാഴ്ച്ച ഖമ്മത്താണ് റാലി. നാലു മുഖ്യമന്ത്രിമാരും പ്രതിപക്ഷനിരയിലെ ചില നേതാക്കളും റാലിയില്‍ പങ്കെടുക്കുമെന്നാണ് വിവരം.

കേന്ദ്രസര്‍ക്കാരിനെതിരെ സമാനമനസ്‌ക്കരെ ഒന്നിച്ചുനിര്‍ത്തുകയാണ് ലക്ഷ്യമെന്ന് ബിആര്‍എസ് പറയുന്നു. ദേശീയ രാഷ്ട്രീയ മോഹങ്ങളുമായി തെലങ്കാന രാഷ്ട്ര സമിതിയെ കെ. ചന്ദ്രശേഖര്‍ റാവു ഭാരത് രാഷ്ട്ര സമിതിയാക്കിയശേഷമുള്ള ആദ്യ ബഹുജനപരിപാടിയാണ് ഖമ്മത്ത് നടക്കുക.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ബദല്‍ ഒരുക്കാനാണ് കെസിആര്‍ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെക്കൂടാതെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ എന്നിവരും പങ്കെടുക്കും.

സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, കര്‍ണാടക മുന്‍മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി എന്നിവരും റാലിയെ അഭിസംബോധന ചെയ്യും. കേന്ദ്രസര്‍ക്കാര്‍ ഫെഡറലിസത്തിനും കര്‍ഷകര്‍ക്കും എതിരെ സ്വീകരിക്കുന്ന സമീപനങ്ങളെ എതിര്‍ക്കാനുള്ള കൂട്ടായ്മ എന്നാണ് ബിആര്‍എസ് റാലിയെ വിശേഷിപ്പിക്കുന്നത്.

തിരഞ്ഞെടുപ്പിന് മുന്‍പ് ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തി സഖ്യം വേണ്ടെന്നാണ് സിപിഎം തീരുമാനം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമാപന പരിപാടിയിലേയ്ക്ക് ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസിനെയും ആം ആദ്മി പാര്‍ട്ടിയെയും ക്ഷണിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.