തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ ചരിത്രം തിരുത്തി ടീം ഇന്ത്യ. മൂന്നാം ഏകദിനത്തിൽ ശ്രീലങ്കയെ 317 തകര്‍ത്ത് തരിപ്പണമാക്കിയാണ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം ഇന്ത്യ നേടിയത്. ജയത്തോടെ പരമ്പര തൂത്തൂവാരി.
വിരാട് കോലിയുടേയും ശുഭ്മാന്‍ ഗില്ലിന്റേയും സെഞ്ചുറി തിളക്കത്തില്‍ 390 റൺസ് ആണ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിംഗിനെത്തിയ ശ്രീലങ്കയെ 73 റണ്ണിന് ഓൾ ഔട്ട് ആക്കി. ഏകദിന ക്രിക്കറ്റില്‍ അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് നേടിയ 290 റണ്‍സ് വിജയമായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. ഈ റെക്കോര്‍ഡാണ് ഇന്ത്യ മാറ്റികുറിച്ചത്.
നാല് വിക്കറ്റുകള്‍ പിഴുത മുഹമ്മദ് സിറാജും രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവുമാണ് ശ്രീലങ്കന്‍ ബാറ്റിങിന്റെ നട്ടെല്ലൊടിച്ചത്. 22 ഓവറില്‍ ഒമ്പത് ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാരേയും കരയ്ക്കുകയറ്റി. ഫീല്‍ഡിങിനിടെ പരിക്കേറ്റ ആഷെന്‍ ബണ്ഡാര ബാറ്റിങിനിറങ്ങിയിരുന്നില്ല.
പരമ്പരയില്‍ രണ്ടാം സെഞ്ചുറി നേടിയ വിരാട് കോലി സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡും മറികടന്നു. നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡാണ് കോലി മറികടന്നത്. ഇന്ത്യയില്‍ കോലിയുടെ 21-ാം സെഞ്ചുറിയാണിത്. 85 പന്തില്‍ നിന്ന് തന്റെ 46-ാം ഏകദിന സെഞ്ചുറി കരസ്ഥമാക്കിയ കോലി 110 പന്തില്‍ നിന്ന് 166 അടിച്ച് പുറത്താകാതെ നിന്നു.
പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ആധികാരിക വിജയമാണ് ഇന്ത്യന്‍ ടീം നേടിയത്. മറുപടി ബാറ്റിങിനിറങ്ങിയ ശ്രീലങ്ക വിക്കറ്റുകള്‍ രണ്ടാം ഓവര്‍ മുതല്‍ കൊഴിഞ്ഞു തുടങ്ങി. 19 റണ്‍ നേടിയ നുവാനിദു ഫെര്‍ണാണ്ടോയാണ് ലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.