നിക്ഷേപക തട്ടിപ്പ്: കാസര്‍കോഡ് ജിബിജി ഉടമയും കൂട്ടാളികളും കസ്റ്റഡിയില്‍

നിക്ഷേപക തട്ടിപ്പ്: കാസര്‍കോഡ് ജിബിജി  ഉടമയും കൂട്ടാളികളും കസ്റ്റഡിയില്‍

കാസര്‍കോഡ്: നിക്ഷേപക തട്ടിപ്പ് കേസില്‍ പ്രതിയായ കാസര്‍കോഡ് ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ് (ജിബിജി) നിധി ലിമിറ്റഡ് സ്ഥാപനത്തിന്റെ ഉടമയും ചെയര്‍മാനുമായ വിനോദ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉടമയെ കൂടാതെ മൂന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടന്‍ തന്നെ രേഖപ്പെടുത്തും.

നാല് ജില്ലകളിലായി 5500ല്‍ അധികം നിക്ഷേപകര്‍ ഇവരുടെ തട്ടിപ്പിന് ഇരയായെന്ന് അന്വേഷണ സംഘം കണ്ടെത്തി. കൂടുതല്‍ പേര്‍ പരാതിയുമായി എത്തുമെന്നാണ് പൊലീസ് കരുതുന്നത്. കാസര്‍കോഡ് കുണ്ടന്‍കുഴിയിലാണ് ജിബിജി നിധി എന്ന സ്ഥാപനം പ്രവര്‍ത്തിച്ചു വന്നത്.

നിക്ഷേപത്തിന് 80 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്താണ് സ്ഥാപനം തട്ടിപ്പ് നടത്തിയത്. ഒരു ലക്ഷം രൂപക്ക് പത്തുമാസം കൊണ്ട് എണ്‍പതിനായിരം രൂപ പലിശ വാഗ്ദാനം ചെയ്ത നിക്ഷേപകരില്‍ നിന്ന് തട്ടിയത് 400 കോടിയിലധികം രൂപയാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

2020 ല്‍ ആരംഭിച്ച സ്ഥാപനം ആദ്യ രണ്ട് വര്‍ഷം നിക്ഷേപകര്‍ക്ക് കൃത്യമായി തന്നെ പലിശ നല്‍കിയിരുന്നു. ഇത് സ്ഥാപനത്തിന്റെ വിശ്വാസ്യത വര്‍ധിപ്പിച്ചു. പുതിയ നിക്ഷേപകരെ കൊണ്ടുവരുന്നവര്‍ക്ക് കമ്മീഷനും നല്‍കിയാണ് കമ്പനി പ്രവര്‍ത്തിച്ച് വന്നത്. പിന്നീട് നിക്ഷേപകര്‍ക്ക് പണം ലഭിക്കാതായി.

അന്വേഷിച്ചെത്തുന്നവരോട് ഉടന്‍ തന്നെ നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കും എന്ന ഉറപ്പ് സ്ഥാപനം നല്‍കിയിരുന്നു. അതിനാല്‍ ആദ്യഘട്ടത്തില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതികള്‍ ഒന്നും ഉയര്‍ന്നിരുന്നില്ല. പരാതി നടപടികളുമായി മുന്നോട്ട് പോകുന്നവര്‍ക്ക് സ്ഥാപനത്തില്‍ നിന്ന് ഭീഷണികളും ഉണ്ടായി. പണം തിരിച്ച് ലഭിക്കാന്‍ ഒരു സാധ്യതയുമില്ല എന്ന് ഉറപ്പായതോടെയാണ് കൂടുതല്‍ നിക്ഷേപകര്‍ പരാതിയുമായി മുന്നോട്ട് വന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.