കണ്ണൂര്‍: കണ്ണൂരില്‍ മയോണൈസ് ചേര്‍ത്ത് ചിക്കന്‍ കഴിച്ച ഏഴ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കണ്ണൂര്‍ നിത്യാനന്ദ ഭവന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വിദ്യാർഥികളെ പാപ്പിനിശ്ശേരി സിഎച്ച്സിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് പാപ്പിനിശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കുട്ടികൾ ചികിത്സ തേടിയത്. കുട്ടികളെ നിരീക്ഷിച്ച് വരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
അതേസമയം ദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോന്നൈസ് ഉത്പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിട്ടിരുന്നു. എഫ്എസ്എസ്എ ആക്ട് പ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കില്‍ പച്ചമുട്ട ഉപയോഗിച്ചു കൊണ്ടുണ്ടാക്കിയ മയോണൈസ് ഏറെ അപകടമാണെന്ന് കണ്ടെത്തിയിരുന്നു.
ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തില്‍ പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോന്നൈസ് ഒഴിവാക്കുന്നതിന് പൂര്‍ണ പിന്തുണയും നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അടിയന്തരമായി പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോന്നൈസ് നിരോധിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.