നേപ്പാൾ വിമാനാപകടം: വിമാനത്തിന്റെ അവസാന നിമിഷങ്ങൾ പകർത്തി ഇന്ത്യൻ യാത്രക്കാരന്റെ ഫേസ്ബുക്ക് ലൈവ്

നേപ്പാൾ വിമാനാപകടം: വിമാനത്തിന്റെ അവസാന നിമിഷങ്ങൾ പകർത്തി ഇന്ത്യൻ യാത്രക്കാരന്റെ ഫേസ്ബുക്ക് ലൈവ്

കഠ്മണ്ഡു: നേപ്പാളിൽ 30 വർഷത്തിനിടെ ഉണ്ടായ ഏറ്റവും മാരകമായ വിമാനാപകടം സംഭവിച്ച് മണിക്കൂറുകൾക്കുള്ളിൽ ഒരു വീഡിയോ ഇന്ത്യയിൽ വൈറലായി. വിമാനം തകർന്നു വീഴുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് അതിലെ യാത്രക്കാരിൽ ഒരാളായ സോനു ജയ്‌സ്വാൾ വിമാനത്തിൽ നിന്ന് ഫെയ്സ്ബുക് ലൈവിൽ വന്ന ദൃശ്യങ്ങളായിരുന്നു അത്.

യാത്രയെക്കുറിച്ച് സോനുവിന്റെ ‘ഈ യാത്ര വളരെ രസകരമാണ് എന്ന പരാമർശവും’ വിമാനത്തിനുള്ളിലെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഇതിന്റെ വിഡിയോയിലുണ്ട്. തുടർന്ന് വിമാനം ഇടത്തോട്ട് വെട്ടിത്തിരിയുന്നതും തകർന്നുവീഴുന്നതും ദൃശ്യങ്ങളിൽ കാണാം. തകർച്ചയ്ക്കു ശേഷം തീനാളങ്ങളുടെ ദൃശ്യങ്ങളും മൊബൈൽ ക്യാമറ പകർത്തി.

കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്കുള്ള വിമാനത്തിൽ നേപ്പാൾ സന്ദർശിക്കാനെത്തിയ ഇന്ത്യയിലെ ഗാസിപൂരിൽ നിന്നുള്ള നാല് സുഹൃത്തുക്കളുടെ സംഘത്തിലെ അംഗമായിരുന്നു അദ്ദേഹം. അപകടത്തിൽപെട്ടവരിൽ സോനു ജയ്സ്വാൾ (35) ഉൾപ്പെടെ അഞ്ച് പേരാണ് ഇന്ത്യക്കാർ. അഭിഷേക് ഖുഷ്‌വാഹ (25), വിശാൽ ശർമ (22), അനിൽകുമാർ രാജ്ബർ (27), സഞ്ജയ് ജയ്സ്വാൾ (30) എന്നിവരാണ് മറ്റ് ഇന്ത്യക്കാർ.


വിമാനത്തിലുണ്ടായിരുന്ന 72 പേരിൽ ആരും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ല. ഇന്ത്യക്കാരെ കൂടാതെ യാത്രക്കാരിൽ 53 പേർ നേപ്പാളികളും നാല് റഷ്യക്കാരും രണ്ട് കൊറിയക്കാരും ഉണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവരിൽ യുകെ, ഓസ്‌ട്രേലിയ, അർജന്റീന, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ദൃശ്യങ്ങളുടെ ആദ്യഭാഗത്ത് വിമാനം കെട്ടിടങ്ങളുടെ മുകളിലൂടെ പതുക്കെ പറക്കുന്നതും വിമാനത്തിന്റെ ഉൾഭാഗവും കാണിക്കുന്നു. കൂടാതെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിന് മുമ്പ് സോനു ക്യാമറയിൽ നോക്കി പുഞ്ചിരിക്കുകയും ചെയ്യുന്നു.

വിമാനത്തിലെ മറ്റ് യാത്രക്കാരെ കാണിക്കാൻ അദ്ദേഹം വീണ്ടും ക്യാമറ തിരിച്ച് നിമിഷങ്ങൾക്കുള്ളിലാണ് കാതടപ്പിക്കുന്ന ശബ്ദത്തോടെ വിമാനം തകർന്നു വീഴുന്നത്. അതിനിടെ നിലത്ത് വീണ മൊബൈലിൽ നിന്നും ക്യാമറ റെക്കോർഡിംഗ് തുടർന്നതിനാൽ നിമിഷങ്ങൾക്കുള്ളിൽ വലിയ തീയും പുകയും ദൃശ്യങ്ങളിൽ വ്യക്തമായി. വീഡിയോ അവസാനിക്കുന്നതിന് മുമ്പ് യാത്രക്കാരുടെ നിലവിളിയും തീ പടരുന്നതും കാണാൻ കഴിയുന്നുണ്ട്.

ഈ ദൃശ്യങ്ങളുടെ ആധികാരികത പോലീസ് ഉറപ്പ് വരുത്തി. സോനു ജയ്‌സ്വാളിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഇപ്പോഴും ഈ ദൃശ്യങ്ങൾ ഉണ്ട്. മാത്രമല്ല സുഹൃത്തുക്കളും കുടുംബാംഗങ്ങളും അവരുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഈ വീഡിയോ കണ്ടതായി വ്യക്തമാക്കുകയും ചെയ്തു.

അതേസമയം വിമാനത്തിൽ നിന്ന് സ്ട്രീം ചെയ്യാൻ സോനു ജയ്സ്വാളിന് എങ്ങനെയാണ് ഇന്റർനെറ്റ് ലഭ്യമായത് എന്ന് വ്യക്തമല്ല.

വിമാനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് വീഡിയോ എടുക്കാനായി ഉപയോഗിച്ച ഫോൺ രക്ഷാപ്രവർത്തകർ കണ്ടെടുത്തതായി നേപ്പാൾ മുൻ എം.പിയും നേപ്പാളി കോൺഗ്രസ് സെൻട്രൽ കമ്മിറ്റി അംഗവുമായ അഭിഷേക് പ്രതാപ് ഷാ സ്ഥിരീകരിച്ചു.

തനിക്ക് ഈ വീഡിയോ ലഭിച്ചത് ഒരു സുഹൃത്തിൽ നിന്നാണെന്നും ഒരു പോലീസുകാരനാണ് സുഹൃത്തിന് വീഡിയോ കൈമാറിയതെന്നും അദ്ദേഹം വിശദീകരിച്ചു. മാത്രമല്ല ഇത് യഥാർഥ രേഖയാണെന്നും വിമാനം ലാൻഡ് ചെയ്യാൻ പോകുമ്പോഴുള്ളതാണ് വീഡിയോ എന്നും അഭിഷേക് പ്രതാപ് ഷാ പറഞ്ഞു.

എന്നാൽ നേപ്പാളിലെ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ അവകാശവാദം സ്ഥിരീകരിക്കുകയോ ദൃശ്യങ്ങളെക്കുറിച്ച് അഭിപ്രായപ്പെടുകയോ ചെയ്തിട്ടില്ല.

ജയ്‌സ്വാൾ, അഭിഷേക് കുശ്വാഹ, അനിൽ രാജ്ഭർ, വിശാൽ ശർമ്മ എന്നിവരുടെ മൃതദേഹങ്ങൾ അവരുടെ സ്വദേശത്ത് എത്തിക്കാൻ വടക്കൻ ഉത്തർപ്രദേശിലുള്ള ഗാസിപ്പൂരിലെ അധികാരികൾ സാധ്യമായ ഏത് സഹായവും ചെയ്യുമെന്ന് വാഗ്ദാനം നൽകിയതായി ബന്ധുക്കൾ അറിയിച്ചു.


നാല് പേരുടെയും കുടുംബങ്ങളുമായും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയുമായും അധികൃതർ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനിടെ കുടുംബങ്ങൾക്ക് കാഠ്മണ്ഡുവിലേക്ക് പോകണമെങ്കിൽ അവർക്കുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ആര്യക അഖൗരി വ്യക്തമാക്കിയിട്ടുണ്ട്.

https://fb.watch/i6bCzRHe9M/


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.