കടുവാക്രമണത്തിൽ കൊല്ലപ്പെട്ട തോമസ് പള്ളിപ്പുറത്തിലിന്റെ കുടുംബത്തിന് പിന്തുണയുമായി കെ.സി.വൈ.എം മാനന്തവാടി രൂപത

കടുവാക്രമണത്തിൽ കൊല്ലപ്പെട്ട തോമസ് പള്ളിപ്പുറത്തിലിന്റെ കുടുംബത്തിന് പിന്തുണയുമായി കെ.സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി: പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസ് പള്ളിപ്പുറത്തിന്റെ ഭവനം സന്ദർശിച്ച് സാന്ത്വനമായി കെ.സി.വൈ.എം മാനന്തവാടി രൂപത. വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ശക്തമായ നടപടികൾ സർക്കാർ തലത്തിൽ ഉണ്ടാകണം എന്നും കുടുംബത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങളും സഹായങ്ങളും നൽകണം എന്നും കെ.സി.വൈ.എം മാനന്തവാടി രൂപതാ സമിതി വിലയിരുത്തി. മണ്ണിനോട് മല്ലിട്ട് ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന കർഷകരുടെ ജീവനും ജീവിതത്തിനും ഭീഷണിയാകുന്ന സർക്കാർ നിലപാട് മലയോര ജനതയോടുള്ള കടുത്ത നീതിനിഷേധം ആണെന്നും ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടായില്ലായെങ്കിൽ കുടിയിറക്ക് ഭീഷണിയിൽ കഴിയുന്ന ജനങ്ങളോടൊപ്പം പ്രക്ഷോഭങ്ങളുമായി രൂപത സമിതി മുന്നിൽ ഉണ്ടാകുമെന്നും പുതുശ്ശേരിയിലെ കടുവാക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട തോമസ് പള്ളിപ്പുറത്തിന്റെ ഭവനം സന്ദർശിച്ച ശേഷം കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ലൂക്കോസ് നീലംപറമ്പിൽ അഭിപ്രായപെട്ടു.

 വയനാട്ടിലെ ജനവാസ മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ സാഹചര്യമാണ് നിലവിലുള്ളത്. ഇതിനൊരു പരിഹാരത്തിനായി ജനങ്ങൾ തെരുവിൽ ഇറങ്ങിയിട്ടും ശാശ്വതമായ പരിഹാരം കാണുവാൻ ബന്ധപ്പെട്ട അധികാരികൾക്ക് സാധിച്ചിട്ടില്ല. ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ കൂട് വെച്ച് പിടികൂടി കാട്ടിൽ തന്നെ തുറവിടുന്ന പതിവ് ശൈലി മനുഷ്യ ജീവന് വില കൽപ്പിക്കാതെ, അധികാരികൾ മലയോര ജനതയോടു കാണിക്കുന്ന അവഗണയാണ്. ഈ വിഷയത്തിലുള്ള സർക്കാർ നിലപാടുകൾ പുന:പരിശോധിച്ച്, ജനങ്ങളുടെ ജീവന് സംരക്ഷണം ലഭിക്കുന്ന നടപടികൾ ഉണ്ടാകണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത സമിതി ആവശ്യപ്പെട്ടു.

 രൂപതാ വൈസ് പ്രസിഡൻ്റ് കുമാരി മെലിൻ ആൻ്റണി പുളിക്കിയിൽ, ജനറൽ സെക്രട്ടറി ശ്രീ. അഭിനന്ദ് കൊച്ചുമലയിൽ, ട്രഷറർ ശ്രീ. ബിബിൻ പിലാപ്പിള്ളിൽ, ആനിമേറ്റർ സി. സാലി ആൻസ് സി.എം.സി, സംസ്ഥാന സെനറ്റ് അംഗവും കല്ലോടി മേഖല പ്രസിഡൻ്റുമായ ശ്രീ. ലിബിൻ മേപ്പുറത്ത് എന്നിവർ മരണപ്പെട്ട തോമസ് പള്ളിപ്പുറത്തിന്റെ ഭവനത്തിൽ എത്തി അനുശോചനം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26