കൊച്ചി: വഞ്ചനാക്കുറ്റത്തിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും പ്രതികളായവര്‍ക്ക് എസ്.എന്‍ ട്രസ്റ്റിന്റെ ഭാരവാഹികളായി തുടരാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. എസ്.എന്‍.ഡി.പി യോഗത്തിന്റെ ബൈലോയില്‍ മാറ്റം വരുത്തിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിര്‍ദേശം.
ഇങ്ങനെയുള്ളവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വരും. ഇതോടെ യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍ അടക്കമുളളവര്‍ക്ക് നേതൃത്വത്തില്‍ തുടരാനോ, തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ പറ്റാത്ത സാഹചര്യമാണുള്ളത്.
മുന്‍ ട്രസ്റ്റ് അംഗം അഡ്വ. ചെറിന്നിയൂര്‍ ജയപ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് എസ്.എന്‍ ട്രസ്റ്റിന്റെ ബൈലോ പുതുക്കിക്കൊണ്ട് ഹൈക്കോടതി ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. എസ്.എന്‍ ട്രെസ്റ്റിന്റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാന്‍ ഇത്തരത്തിലൊരു ഭേദഗതി വേണം എന്നായിരുന്നു അഡ്വ ചെറിന്നിയൂര്‍ ജയപ്രകാശ് വാദിച്ചത്.
എസ്.എന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട സ്വത്ത് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ഭാരവാഹിയായി ഇരുന്നാല്‍ കേസ് നടപടികള്‍ കാര്യക്ഷമമായി നടക്കില്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ളവര്‍ എതിര്‍കക്ഷിയാക്കിയായിരുന്നു ഹര്‍ജി.
എന്നാല്‍ ഭേദഗതി ആവശ്യത്തെ എസ്.എന്‍ ട്രസ്റ്റ് ശക്തമായി എതിര്‍ത്തു. ആവശ്യം അംഗീകരിച്ചാല്‍ ഏതെങ്കിലും ട്രസ്റ്റ് അംഗത്തിനെതിരെ ക്രിമിനല്‍ കേസ് ഉണ്ടാക്കി അവരെ ഭാരവാഹിത്വത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ എളുപ്പമാണെന്നായിരുന്നു എസ്.എന്‍ ട്രസ്റ്റിന്റെ വാദം.
എന്നാല്‍ വെള്ളാപ്പള്ളിയുടെയും എസ്.എന്‍ ട്രസ്റ്റിന്റെയും വാദം ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി.
ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ച് ബൈലോയില്‍ മാറ്റം വരുത്തുകയല്ല കോടതി ചെയ്തത്. മറിച്ച് നിയമത്തില്‍ തന്നെ ഭേദഗതി വരുത്തുകയാണ്. വിധി തന്നെ മാത്രമല്ല എല്ലാ ട്രസ്റ്റ് അംഗങ്ങളെയും ബാധിക്കുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.