അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 640 പേര്‍; 6252 പേര്‍ക്ക് പരിക്കേറ്റു

അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 640 പേര്‍; 6252 പേര്‍ക്ക് പരിക്കേറ്റു

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വിവിധ ഇടങ്ങളിലുണ്ടായ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 640 പേര്‍. 2017 മുതല്‍ 2022 വരെ 6252 പേര്‍ക്ക് പരിക്കേറ്റതായും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയില്‍ പറയുന്നു.

2017-18 കാലത്ത് 131 വന്യജീവി ആക്രമണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2018-19 ആയപ്പോഴേക്കും അത് 127 ആയി ഉയര്‍ന്നു. 2019-20 കാലത്ത് 120 പേരും 2020-21 കാലഘട്ടത്തില്‍ 118 പേരും കൊല്ലപ്പെട്ടു. 2021-22 കാലത്താണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത്. 144 പേരാണ് കഴിഞ്ഞ വര്‍ഷം വന്യജീവികളുടെ അക്രമണത്തിലൂടെ മരണപ്പെട്ടത്. പാമ്പുകടിയേറ്റുള്ള മരണങ്ങളും ഇക്കൂട്ടത്തില്‍പ്പെടും.

വന്യജീവികളുടെ ആക്രമണങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും വന്‍ വര്‍ധനവാണ്. 2017-18 കാലത്ത് 956 പേര്‍ക്ക് പരിക്കേറ്റപ്പോള്‍ 2018-19 വര്‍ഷത്തില്‍ 1294 പേര്‍ക്കും 2019-20 ല്‍ 1288 പേര്‍ക്കും പരിക്കേറ്റു. നേരിയ കുറവ് ഈ വര്‍ഷം ഉണ്ടായെങ്കിലും 2021 ല്‍ വീണ്ടും വര്‍ധിച്ചു. 2020-21 ല്‍ 1298 പേരാണ് വന്യജീവി ആക്രമണത്തിന് ഇരയായി പരിക്കേല്‍ക്കേണ്ടി വന്നത്. കഴിഞ്ഞ വര്‍ഷത്തില്‍ 1416 പേര്‍ക്കും പരിക്കേറ്റു.

2018-19 വര്‍ഷത്തിലാണ് വന്യജീവികളുടെ ഇടപെടല്‍ മൂലം ഏറ്റവും കൂടുതല്‍ കൃഷിനാശം ഉണ്ടായത്. 7347 ഏക്കര്‍ കൃഷിയാണ് ആ വര്‍ഷം നഷ്ടമായത്. 2017-18 കാലത്ത് 6508 ഏക്കര്‍ കൃഷി നശിച്ചപ്പോള്‍ 2019-20 കാലത്തില്‍ 7317 ഏക്കര്‍ കൃഷിയും 2020-21 ല്‍ 7021 ഏക്കര്‍ കൃഷിയും നശിച്ചു. അതേസമയം കഴിഞ്ഞ വര്‍ഷം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൃഷിനാശം കുറവാണ്. വിവരാവകാശ രേഖയില്‍ പറയും പ്രകാരം 2021-22 വര്‍ഷത്തില്‍ 6621 ഏക്കര്‍ കൃഷി നശിച്ചു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 986 വീടുകള്‍ക്കും 3902 വസ്തുക്കള്‍ക്കും വന്യജീവി ആക്രമണത്തില്‍ നാശനഷ്ടം ഉണ്ടായി. 2017-18 ല്‍ 272 വീടുകള്‍ക്ക് നാശം സംഭവിച്ചപ്പോള്‍ 2018-19 ല്‍ 256 വീടുകള്‍ക്കും 2019-20 കാലത്ത് 264 വീടുകള്‍ക്കും 2021-22 കാലത്ത് 194 വീടുകള്‍ക്കും നാശം ഉണ്ടായി.

2017-18 കാലഘട്ടത്തില്‍ നഷ്ടപരിഹാരത്തിനായി 956 പരാതികളാണ് വനം വകുപ്പിനു മുന്നിലെത്തിയതെങ്കില്‍ 2021-22 ല്‍ ലഭിച്ചത് 1416 പരാതികളാണ്. വന്യജീവി ആക്രമണത്തിന്റെ നഷ്ടപരിഹാരത്തുക 2017-18 ല്‍ 2.42 കോടി രൂപ നല്‍കിയപ്പോള്‍ 2021-22ല്‍ 3.10 കോടിയാണ് നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.