നിക്ഷേപ തട്ടിപ്പില്‍ ബോള്‍ട്ടും പെട്ടു; സ്പ്രിന്റിംഗ് ഇതിഹാസത്തിന് നഷ്ടമായത് 97.5 കോടി രൂപ

നിക്ഷേപ തട്ടിപ്പില്‍ ബോള്‍ട്ടും പെട്ടു; സ്പ്രിന്റിംഗ് ഇതിഹാസത്തിന് നഷ്ടമായത്  97.5 കോടി രൂപ

കിംഗ്സ്റ്റണ്‍: സാമ്പത്തിക തട്ടിപ്പില്‍ ഒളിമ്പിക്‌സ് സ്പ്രിന്റിംഗ് ഇതിഹാസം ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിന് കോടികള്‍ നഷ്ടമായി. ജമൈക്കന്‍ നിക്ഷേപ സ്ഥാപനമായ സ്റ്റോക്ക്സ് ആന്റ് സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ (എസ്.എസ്.എല്‍) അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്ന പന്ത്രണ്ട് മില്യണ്‍ ഡോളര്‍ (97.5 കോടി രൂപ) ആണ് താരത്തിന് നഷ്ടമായത്.

ഇപ്പോള്‍ ഉസൈന്‍ ബോള്‍ട്ടിന്റെ അക്കൗണ്ടില്‍ 12,000 ഡോളര്‍ മാത്രമാണ് ബാക്കിയുള്ളത്. സ്ഥാപനം പണം തിരികെ നല്‍കിയില്ലെങ്കില്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബോള്‍ട്ട്. റിട്ടയര്‍മെന്റ് ജീവിതത്തിനായും സ്വന്തം മാതാപിതാക്കള്‍ക്കായും നീക്കിവച്ച പണമാണ് നഷ്ടമായതെന്ന് ഉസൈന്‍ ബോള്‍ട്ടിന്റെ അഭിഭാഷകനായ ലിന്റണ്‍ പി ഗോര്‍ഡന്‍ പറഞ്ഞു. 2017 ലായിരുന്നു ഉസൈന്‍ ബോള്‍ട്ട് കരിയറില്‍ നിന്ന് വിരമിച്ചത്.

അതേസമയം, കമ്പനിയിലെ മുന്‍ ജീവനക്കാരനാണ് തട്ടിപ്പിന് പിന്നിലെന്ന് കിംഗ്സ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്.എസ്.എല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വിവരം പൊലീസിനെ അറിയിച്ചതായും ആസ്തികള്‍ സുരക്ഷിതമാക്കുന്നതിനും പണം തിരികെ ലഭിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും കമ്പനി വ്യക്തമാക്കി.

എസ്.എസ്.എല്ലിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് ജമൈക്ക കോണ്‍സ്റ്റബുലറി ഫോഴ്സ് അറിയിച്ചു. എസ്.എസ്.എല്‍ തട്ടിപ്പ് വിവാദത്തില്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ധനമന്ത്രി നിഗല്‍ ക്‌ളാര്‍ക്ക് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.