തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളില്‍ ബില്ലുകള്‍ പാസാക്കുന്നതിന് അപ്രഖ്യാപിത നിയന്ത്രണം. മതിയായ ബജറ്റ് വിഹിതം ഇല്ലെന്ന കാരണത്താലാണ് പല ബില്ലുകളും പാസാക്കാതെ മാറ്റുന്നത്. ചില ഹെഡുകളിലുള്ള ബില്ലുകള്‍ വരുമ്പോള്‍ ട്രഷറിയിലെ സംവിധാനത്തില്‍ 'മതിയായ ബജറ്റ് വിഹിതമില്ല' എന്നാണ് കാണിക്കുന്നത്. ഈ ബില്ലുകളില്‍ തുടര്‍നടപടി എടുക്കാനാകുന്നില്ല.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് ട്രഷറിയില്‍ നിയന്ത്രണം. വിവിധ വകുപ്പുകളുടെ ബില്ലുകള്‍ കൂട്ടത്തോടെ ട്രഷറികളിലേക്ക് പ്രവഹിക്കുകയാണ്. സാധാരണ ജനുവരിയോടെയാണ് പദ്ധതി വിനിയോഗം ശക്തിപ്പെടുന്നത്. വിനിയോഗം 60 ശതമാനം കഴിഞ്ഞവയിലാണ് നിയന്ത്രണം. ട്രഷറി ഡയറക്ടറേറ്റില്‍ നിന്ന് തന്നെ സംവിധാനത്തില്‍ നിയന്ത്രണം കൊണ്ടുവന്നുവെന്നാണ് സൂചന.
ഇതാണ് ബില്ലുകള്‍ കൂട്ടത്തോടെ വരാന്‍ കാരണം. അടുത്ത മാസത്തെ ശമ്പള-പെന്‍ഷന്‍ വിതരണം സുഗമമാക്കല്‍കൂടി ലക്ഷ്യമിട്ടാണ് നിയന്ത്രണമെന്നാണ് സൂചന. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ കിഫ്ബി അടക്കമുള്ളവയുടെ വായ്പ ഉള്‍പ്പെടുത്തിയതോടെ കൂടുതല്‍ കടമെടുക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് സര്‍ക്കാര്‍. കൂടുതല്‍ കടമെടുക്കുന്നതിന് അനുമതിക്കായി ഉടന്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും.
കിഫ്ബി, പെന്‍ഷന്‍ കമ്പനി എന്നിവയുടെ വായ്പയും ട്രഷറി നിക്ഷേപവും സര്‍ക്കാറിന്റെ കടമായി കണക്കാക്കരുതെന്നും ആവശ്യപ്പെടും. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടേകാല്‍ മാസം മാത്രം ബാക്കിനില്‍ക്കെ വാര്‍ഷിക പദ്ധതി വിനിയോഗം പകുതിയില്‍ താഴെയാണ്.
39640.19 കോടിയുടെ മൊത്തം പദ്ധതിയില്‍ 47.18 ശതമാനം മാത്രമാണ് വിനിയോഗം. സംസ്ഥാന പദ്ധതി 22,322 കോടിയുടേതാണ്. ഇതില്‍ 43.61 ശതമാനംവരെ മാത്രമേ ഇതുവരെ ചെലവിട്ടിട്ടുള്ളൂ. 8048 കോടിയുടെ തദ്ദേശവിഹിതത്തില്‍ 55.23 ശതമാനം വിനിയോഗിച്ചു.
കേന്ദ്ര സഹായ പദ്ധതി 9270.19 കോടിയില്‍ 48.82 ശതമാനം മാത്രമാണ് ഇതുവരെ ചെലവിട്ടത്. മിക്ക മേഖലകളും വിനിയോഗത്തില്‍ താഴെയാണ്.
വ്യാഴാഴ്ചവരെയുള്ള കണക്ക് ഇങ്ങനെ: കാര്‍ഷിക മേഖല- 37.61, ഗ്രാമീണ പദ്ധതി- 50.58, സഹകരണ മേഖല- 22.18, ജലസേചനം- 46.03, ഊര്‍ജം- 67.92, വ്യവസായം- 33.56, ഗതാഗതം- 72.49, ശാസ്ത്രം- 39.87, സാമൂഹിക മേഖല- 46.01, ഇക്കണോമിക് സര്‍വിസ്- 11.81, പൊതുസര്‍വിസ്- 36.23, തദ്ദേശ പദ്ധതി- 55.23.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.