വാഷിങ്ടണ്‍ ഡിസി: റഷ്യക്കെതിരേയുള്ള പോരാട്ടത്തിനായി ഉക്രെയ്‌ന് 250 കോടി ഡോളറിന്റെ സുരക്ഷാ സഹായ പാക്കേജ് പ്രഖ്യാപിച്ച് അമേരിക്ക. പുതിയ ആയുധങ്ങളും യുദ്ധോപകരണങ്ങളും അടങ്ങിയ പാക്കേജാണ് പ്രഖ്യാപിച്ചത്. അതേസമയം, കീവ് ആവശ്യപ്പെട്ട യുദ്ധ ടാങ്കുകള്‍ ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
യുദ്ധഭൂമിയില്‍ സൈനികര്‍ക്കു സുരക്ഷയൊരുക്കുന്ന ബ്രാഡ്ലി ഇന്‍ഫന്‍ട്രി ഫൈറ്റിംഗ് വെഹിക്കിളുകള്‍ 59 എണ്ണം, 90 സ്‌ട്രൈക്കര്‍ പഴ്സണല്‍ കാരിയറുകള്‍, അവഞ്ചര്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, വലുതും ചെറുതുമായ യുദ്ധോപകരണങ്ങള്‍ എന്നിവ അടങ്ങിയ അത്യാധുനിക ആയുധ സഹായമാണ് നല്‍കുന്നതെന്ന് പെന്റഗണ്‍ പ്രസ്താവനയില്‍ പറയുന്നു.
2,670 കോടി യുഎസ് ഡോളര്‍ സൈനിക സഹായം അമേരിക്ക ഇതുവരെ ഉക്രെയ്നായി നല്‍കിയിട്ടുണ്ട്. കവചിത പേഴ്‌സണല്‍ കാരിയറുകള്‍, ബ്രാഡ്ലി ഇന്‍ഫന്‍ട്രി ഫൈറ്റിംഗ് വാഹനങ്ങള്‍, മൈന്‍-റെസിസ്റ്റന്റ് ആംബുഷ് പ്രൊട്ടക്റ്റഡ് വാഹനങ്ങള്‍, ഹൈ മൊബിലിറ്റി മള്‍ട്ടിപര്‍പ്പസ് വീല്‍ വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെ നൂറുകണക്കിന് അധിക കവചിത വാഹനങ്ങള്‍ ഈ സഹായ പാക്കേജിലൂടെ ഉക്രെയ്ന് നല്‍കും - സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ അറിയിച്ചു.
'റഷ്യയ്ക്കു മാത്രമേ ഈ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയൂ. അങ്ങനെ ചെയ്യുന്നതുവരെ ഉക്രെയ്‌നൊപ്പം എത്രകാലം വേണമെങ്കിലും തങ്ങള്‍ നില്‍ക്കും' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നൈറ്റ് വിഷന്‍ ഉപകരണങ്ങളും ചെറിയ ആയുധങ്ങളും വെടിക്കോപ്പുകളും ഉക്രെയ്നെ പിന്തുണയ്ക്കുന്നതിനുള്ള മറ്റ് വസ്തുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
അടിസ്ഥാന സൗകര്യങ്ങള്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍ മൂലം ദശലക്ഷക്കണക്കിന് സാധാരണക്കാരാണ് വൈദ്യുതിയും വെള്ളവും മറ്റ് നിര്‍ണായക സേവനങ്ങളുമില്ലാതെ വലയുന്നത്. റഷ്യയുടെ അത്തരം ആക്രമണങ്ങള്‍ യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ മുഖമാണ് അനാവരണം ചെയ്യുന്നത് - ബൈഡന്‍ ഭരണകൂടം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.