സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം 57 ആക്കാന്‍ ആലോചന; ബജറ്റില്‍ പ്രഖ്യാപനമുണ്ടായേക്കും

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം 57 ആക്കാന്‍ ആലോചന; ബജറ്റില്‍ പ്രഖ്യാപനമുണ്ടായേക്കും

തിരുവനന്തപുരം: ചെലവ് ചുരുക്കലിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെയും, അദ്ധ്യാപകരുടെയും പെൻഷൻ പ്രായം 57 ആയി ഉയർത്താൻ ആലോചന. പൊതുമേഖലാ സ്ഥാപനങ്ങളിലെയും പെൻഷൻ പ്രായം കൂട്ടാൻ നിർദ്ദേശമുണ്ട്. ഇതു സംബന്ധിച്ച പ്രഖ്യാപനം വരുന്ന ബഡ്‌ജറ്റിൽ ഉണ്ടായേക്കും. 

4000 കോടി രൂപ അടുത്ത സാമ്പത്തിക വർഷം ഇതിലൂടെ ലാഭിക്കാൻ കഴിയുമെന്നാണ് കണക്കാക്കൽ. ജീവനക്കാരുടെയും, അദ്ധ്യാപകരുടെയും പെൻഷൻ പ്രായം 57ആക്കണമെന്ന് കെ. മോഹൻദാസ് അദ്ധ്യക്ഷനായ ശമ്പള പരിഷ്‌കരണ കമ്മിഷന്റെ ശുപാർശയുമുണ്ട്. നിലവിൽ 56 ആണ് വിരമിക്കൽ പ്രായം. 

ബഡ്ജറ്റിന് മുന്നോടിയായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ പെൻഷൻ പ്രായം കൂട്ടുന്നതും ചർച്ചയായി. പ്രതിനിധികളുടെ ഭാഗത്ത്‌ നിന്ന് കാര്യമായ എതിർപ്പുകളൊന്നും ഉയർന്നില്ല.

പൊതുമേഖലാസ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കാൻ മൂന്ന് മാസം മുമ്പ് സർക്കാർ ഉത്തരവിറക്കിയെങ്കിലും ശക്തമായ എതിർപ്പിൽ പിൻവാങ്ങുകയായിരുന്നു. കെഎസ്ഇബി, കെഎസ്ആർടിസി, ജല അതോറിറ്റി ജീവനക്കാരുടെ പെൻഷൻ പ്രായം പരിഷ്ക്കരിക്കുന്നത് പഠിക്കാൻ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചിരുന്നു. പൊതുമേഖലാസ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനായി തയ്യാറാക്കിയ 9000 കോടി രൂപയുടെ മാസ്റ്റർ പ്ളാനിലും പെൻഷൻപ്രായം ഉയർത്താൻ നിർദ്ദേശമുണ്ട്.

134 സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ 114 എണ്ണമാണ് പ്രവർത്തിക്കുന്നത്. ചിലതിൽ പെൻഷൻ പ്രായം 60 ആണ്. ചിലതിൽ 58. ഇതെല്ലാം ഏകീകരിച്ച് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിക്കൽ പ്രായം 60 ആക്കാനാണ് നിർദ്ദേശം.

പെൻഷൻ പ്രായം കൂട്ടിയാൽ അടുത്ത വർഷത്തെ സാമ്പത്തിക ഞെരുക്കം വലിയൊരളവ് വരെ മറികടക്കാമെന്നാണ് കണക്കുകൂട്ടൽ.

5.15 ലക്ഷം സർക്കാർ ജീവനക്കാരിൽ 1.48 ലക്ഷം പേർ പങ്കാളിത്ത പെൻഷൻ പദ്ധതിയിലാണ്. ഇവരുടെ പെൻഷൻ പ്രായം 60 ആണ്. ശേഷിക്കുന്ന 3.67ലക്ഷം ജീവനക്കാർക്കാണ് പെൻഷൻ പ്രായം ഉയർത്തിയാൽ ഗുണം കിട്ടുക. പങ്കാളിത്ത പെൻഷനിലൂടെ, പത്തുവർഷത്തിനുള്ളിൽ അൻപത് ശതമാനം പേരുടെയും, ഇരുപത് വർഷത്തിനുള്ളിൽ മുഴുവൻ ജീവനക്കാരുടേയും പെൻഷൻ പ്രായം അറുപതാവും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.