ന്യൂഡല്‍ഹി: ലൈംഗിക ആരോപണവിധേയനായ ദേശീയ ഗുസ്തി ഫെഡറേഷന് അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരണ്‍ സിങ്ങിനെ പുറത്താക്കണമെന്നും അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് ഗുസ്തിതാരങ്ങൾ നടത്തിവന്ന സമരം താത്കാലികമായി അവസാനിപ്പിച്ചു. കായിക മന്ത്രി അനുരാഗ് താക്കൂറുമായി താരങ്ങൾ നേരിട്ട നടത്തിയ മാരത്തോൺ ചർച്ചയിലാണ് തീരുമാനം. താരങ്ങൾ ഉയർത്തിയ മിക്ക ആവശ്യങ്ങളും സർക്കാരിന് അംഗീകരിക്കേണ്ടി വന്നു.
തങ്ങളുടെ പരാതികൾ പരിഹരിക്കുമെന്ന് സർക്കാറിൽ നിന്ന് ലഭിച്ച ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചതെന്ന് താരങ്ങൾ വ്യക്തമാക്കി. ആരോപണ വിധേയനായ ബ്രിജ് ഭൂഷൺ ശരണ്‍ സിങ്ങിനെ മാറ്റി നിർത്തി അന്വേഷണം നടത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി. ആരോപണങ്ങളിൽ സമഗ്ര അന്വേഷണം നടത്തും.
ഇതിനായി മേരികോം, ഡോള ബാനർജി, അളകനന്ദ അശോക്, യോഗേശ്വർ ദത്ത്, സഹ്ദേവ് യാദവ് തുടങ്ങിയവരടങ്ങിയ ഏഴംഗ സമ്മതിയെ ചുമതലപ്പെടുത്തി. നാലാഴ്ചക്കുള്ളിൽ സമിതി അന്വേഷണം പൂർത്തിയാക്കും. അന്വേഷണം പൂർത്തിയാകും വരെ ബ്രിജ് ഭൂഷൺ ശരണ്‍ സിങ് മാറിനിന്ന് അന്വേഷണവുമായി സഹകരിക്കും. ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങൾ പുതിയ സമിതി നിർവഹിക്കുമെന്നും മന്ത്രി അനുരാഗ് താക്കൂർ ന്യൂഡൽഹിയിൽ അറിയിച്ചു.
ബുധനാഴ്ച ഡൽഹി ജന്തർമന്തറിൽ ആരംഭിച്ച സമരം മൂന്നു ദിവസം പിന്നിട്ട് കരുത്താർജിച്ചപ്പോഴാണ് സർക്കാർ വഴങ്ങിയത്. സമരത്തിലേക്ക് ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽനിന്നായി കൂടുതൽ കായിക താരങ്ങൾ എത്തിയിരുന്നു.
ആരോപണം രാഷ്ട്രീയപരമാണെന്നും രാജിവെക്കില്ലെന്നുമാണ് ബ്രിജ് ഭൂഷൺ വെള്ളിയാഴ്ച രാവിലെ വ്യക്തമാക്കിയത്. ശഹീൻബാഗ് മോഡൽ സമരമാണെന്നും അദ്ദേഹം ആരോപിച്ചു.
ലൈംഗിക ആരോപണം മുതല്‍ ശാരീരിക ഉപദ്രവം വരെയുള്ള ഗുരുതര കുറ്റങ്ങളാണ് ഫെഡറേഷന് തലവനെതിരെ കായികതാരങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ലഖ്നോവിലെ ദേശീയ ക്യാമ്പിൽ പങ്കെടുക്കേണ്ട നിരവധി വനിത കായികതാരങ്ങൾ അവിടുത്തെ അന്തരീക്ഷം ഭയാനകമാണെന്ന് പറഞ്ഞ് മുതിർന്ന താരങ്ങളെ അറിയിച്ചതോടെയാണ് വിഷയം പുറത്തറിയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.