മലയാളം സര്‍വകലാശാല വിസി നിയമനം: ഗവര്‍ണറെ മറികടന്ന് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ നീക്കം

മലയാളം സര്‍വകലാശാല വിസി നിയമനം: ഗവര്‍ണറെ മറികടന്ന് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: മലയാളം സർവകലാശാല വിസി നിയമനത്തിന് സെർച്ച് കമ്മിറ്റിയുണ്ടാക്കാൻ നീക്കം. കമ്മിറ്റിയിലേക്ക് ചാൻസലറുടെ പ്രതിനിധിയെ നൽകാൻ ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി രാജ്ഭവന് കത്തെഴുതി. 

നിയമസഭ പാസാക്കിയ സർവകലാശാല നിയമഭേദഗതി അനുസരിച്ചാണ് പുതിയ നീക്കം. എന്നാൽ ഗവർണർ ഒപ്പിടാത്ത ബിൽ നിയമമാകാത്ത സാഹചര്യത്തിൽ വകുപ്പിന്റെ നീക്കം ആശയകുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്.

നിലവിലെ നിയമ പ്രകാരം നിയമന അധികാരിയായ ചാൻസലർ ആണ് സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത്. ഗവർണര്‍, യുജിസി, സംസ്ഥാന സർക്കാര്‍ എന്നിവരുടെ പ്രതിനിധികള്‍ ഉൾപ്പെടുന്നതാണ് നിലവിലെ സെർച്ച് കമ്മിറ്റി. എന്നാൽ ഈ നിയമം മറികടന്ന് അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കാനാണ് സർക്കാർ നീക്കം. 

കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധി കൂടാതെ യുജിസി പ്രതിനിധിയും, സർക്കാർ പ്രതിനിധിയും, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാന്റെ പ്രതിനിധിയും, സിൻഡിക്കേറ്റ് പ്രതിനിധിയുമുണ്ടാകും.

നിലവിലെ വൈസ് ചാൻസലറുടെ കാലാവധി ഫെബ്രുവരി ആദ്യം അവസാനിക്കാനിരിക്കെയാണ് തിരക്കിട്ടുള്ള നീക്കം. അതേസമയം സർക്കാരിന്റെ നിർദ്ദേശം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തള്ളാനാണ് സാധ്യത. നിലവിലില്ലാത്ത നിയമത്തിന്റെ അടിസ്ഥാനത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ അനുമതി നൽകിയേക്കില്ല. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.