ന്യൂഡൽഹി: ലൈംഗിക ആരോപണത്തെ തുടർന്ന് ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ രാജിവെച്ചതിന് പിന്നാലെ ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിന് സസ്പെൻഷൻ. ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്ന പ്രസ്താവനയിറക്കിയതിനാണ് കേന്ദ്രകായിക മന്ത്രാലയം വിനോദ് തോമറിനെ സസ്പെൻഡ് ചെയ്തത്.
അതേസമയം ദേശീയ ഗുസ്തി ഫെഡറേഷന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. റാങ്കിങ് മത്സരങ്ങൾ അടക്കമാണ് നിർത്തിവയ്ക്കുന്നത്. മത്സരാർഥികളിൽനിന്ന് വാങ്ങിയ എൻട്രി ഫീ തിരികെ നൽകും. മേൽനോട്ട സമിതിയെ ഔദ്യോഗികമായി നിയമിക്കും വരെയാകും നടപടിയെന്നും കേന്ദ്രം അറിയിച്ചു. പുതിയ നീക്കത്തോടെ ഞായറാഴ്ചത്തെ ഫെഡറേഷൻ യോഗം അപ്രസക്തമായി.
ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജിനെതിരെയും പരിശീലകർക്കെതിരെയും ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗിക ആരോപണങ്ങൾ വ്യക്തി താൽപര്യങ്ങളാണെന്നാണ് ഫെഡറേഷൻ കേന്ദ്ര കായിക മന്ത്രാലയത്തിന് നൽകിയ കത്തിൽ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂർ ഗുസ്തി താരങ്ങളുമായുള്ള ചർച്ചയിൽ ബ്രിജ് ഭൂഷൺ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റി നിർത്തുമെന്ന് ഉറപ്പ് നൽകിയിരുന്നു. സംഭവത്തിൽ അന്വേഷണത്തിനായി ഏഴംഗ സമിതിയെയും നിയോഗിച്ചു. അന്വേഷണം തീരുംവരെ ബ്രിജ് ഭൂഷൺ അധ്യക്ഷ സ്ഥാനത്തുനിന്നു മാറിനിൽക്കുമെന്നും അനുരാഗ് ഠാക്കൂർ വ്യക്തമാക്കി.
ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണിനടക്കം എതിരെയാണ് ലൈംഗികമായി ചൂഷണ ആരോപണം ഉയരുന്നത്. ഇരുപതിലധികം പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും കായിക താരങ്ങൾ ആരോപിച്ചിരുന്നു. ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനമൊഴിയുക, പുതിയ അംഗങ്ങളെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് താരങ്ങൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.