ഗുജറാത്ത് കലാപം: കൊലപാതകങ്ങളില്‍ മോഡി നേരിട്ട് ഉത്തരവാദിയെന്ന് ബ്രിട്ടന്റെ മുന്‍ വിദേശകാര്യ സെക്രട്ടറി; ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഉടനെന്ന് ബിബിസി

ഗുജറാത്ത് കലാപം: കൊലപാതകങ്ങളില്‍ മോഡി നേരിട്ട് ഉത്തരവാദിയെന്ന് ബ്രിട്ടന്റെ  മുന്‍ വിദേശകാര്യ സെക്രട്ടറി; ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഉടനെന്ന് ബിബിസി

2002 ഫെബ്രുവരി 27 ന് നരേന്ദ്ര മോഡി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് കലാപത്തില്‍ ഇടപെടരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് ബ്രിട്ടന്റെ മുന്‍ വിദേശകാര്യ സെക്രട്ടറി ജാക്ക് സ്‌ട്രോയുടെ വെളിപ്പെടുത്തല്‍.

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപ കാലത്ത് 2002 ല്‍ നടന്ന കൊലപാതകങ്ങള്‍ക്ക് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി നേരിട്ട് ഉത്തരവാദിയാണെന്ന് ബ്രിട്ടന്റെ മുന്‍ വിദേശകാര്യ സെക്രട്ടറി ജാക്ക് സ്‌ട്രോ. ആ സമയത്ത് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ലണ്ടനിലെ ഫോറിന്‍ ഓഫീസിലേക്ക് അയച്ച റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് മുന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍.

2002 ഫെബ്രുവരി 27 ന് നരേന്ദ്ര മോഡി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് കലാപത്തില്‍ ഇടപെടരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് സ്‌ട്രോ പറയുന്നു. ഗുജറാത്തിലെ കൊലപാതകങ്ങള്‍ക്ക് വംശീയ ഉന്മൂലനത്തിന്റെ എല്ലാ അടയാളങ്ങളും ഉണ്ടെന്ന് തനിക്ക് ലഭിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി സ്ട്രോ സ്ഥിരീകരിച്ചിട്ടുണ്ട്. താന്‍ അതിനെക്കുറിച്ച് വളരെ ആശങ്കാകുലനായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന്  നല്‍കിയ അഭിമുഖത്തിലാണ് സ്‌ട്രോ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.


താന്‍ വാജ്പേയി സര്‍ക്കാരുമായും വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഗുമായും സംസാരിച്ചു. 21 വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ പ്രതികരണം ഓര്‍മിക്കാന്‍ കഴിയുന്നില്ല. ഇന്ത്യയുടെ വര്‍ഗീയ പ്രശ്നങ്ങളുടെ ചരിത്രത്തെക്കുറിച്ച് തനിക്ക് അറിയാം. അതിനാല്‍ 2002 ലെ ഗുജറാത്തിലെ പ്രശ്നങ്ങളില്‍ നിരാശയുണ്ടെങ്കിലും പ്രത്യേകിച്ച് ആശ്ചര്യമില്ലെന്നും ജാക്ക് സ്‌ട്രോ പറഞ്ഞു.

'ഇന്ത്യ ദി മോഡി ക്വസ്റ്റ്യന്‍' എന്ന പേരില്‍ ബിബിസി പുറത്തുവിട്ട ഗുജറാത്ത് കലാപം സംബന്ധിച്ച ഡോക്യുമെന്ററി ഇതിനോടകം ഏറെ വിവാദമായിക്കഴിഞ്ഞു. ഗുജറാത്തില്‍ അരങ്ങേറിയ വംശഹത്യക്ക് നരേന്ദ്ര മോഡി നേരിട്ട് ഉത്തരവാദിയാണെന്ന് വ്യക്തമാക്കുന്നതാണ് ഡോക്യുമെന്ററി.

ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. യു ട്യൂബിലും ട്വിറ്ററിലും അടക്കം സമൂഹ മാധ്യമങ്ങളില്‍ ഡോക്യുമെന്ററി പങ്കുവെക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. ഇതോടെ ഇന്ത്യയില്‍ ബിബിസി ഇത് പിന്‍വലിച്ചിരിക്കുകയാണ്. എന്നാല്‍ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ചൊവ്വാഴ്ച പുറത്തു വിടുമെന്നും ഇന്ത്യയുടെ എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്നും ബിബിസി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.