കൂട്ടിക്കലില്‍ സ്‌നേഹ ഭവനങ്ങള്‍ ഒരുങ്ങി; അഞ്ച് വീടുകളുടെ വെഞ്ചിരിപ്പ് ജനുവരി 27 ന്

കൂട്ടിക്കലില്‍ സ്‌നേഹ ഭവനങ്ങള്‍ ഒരുങ്ങി; അഞ്ച് വീടുകളുടെ വെഞ്ചിരിപ്പ് ജനുവരി 27 ന്

കോട്ടയം: കൂട്ടിക്കലില്‍ അഞ്ച് വീടുകളുടെ വെഞ്ചിരിപ്പും പുതിയ രണ്ടു വീടുകളുടെ തറക്കല്ലിടലും ജനുവരി 27 ന് പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും.

2021 ഒക്ടോബറിലെ പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് ക്രൈസ്തവ സഭയുടെയും മറ്റും നേതൃത്വത്തില്‍ കൂട്ടിക്കല്‍ പ്രദേശത്ത് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

പാലാ രൂപതയുടെ സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തിലുള്ള ഏകോപനത്തിലൂടെ ശുചീകരണ പ്രവര്‍ത്തനങ്ങളും അടിയന്തര സഹായങ്ങളും വീട് മെയിന്റനന്‍സിന് ഉള്‍പ്പെടെയുള്ള സാമ്പത്തിക സഹായവും നല്‍കിയ ശേഷം ഭവന നിര്‍മ്മാണത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

നാലു ഘട്ടങ്ങളായാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നക്. ഒന്നാം ഘട്ടം ഒന്‍പത് വീടുകളുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയാക്കിയത്. രണ്ടാം ഘട്ടത്തിലെ ഏഴ് വീടുകളില്‍ അഞ്ചെണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഈ വീടുകളുടെ വെഞ്ചരിപ്പാണ് 27 ന് നടക്കുന്നത്. ഈ ഘട്ടത്തിലെ ബാക്കിയുള്ള രണ്ട് വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

പതിനാറ് വീടുകള്‍ക്കു പുറമേ മൂന്നാം ഘട്ടമായി കൂട്ടിക്കല്‍ ടൗണിനടുത്ത് മാത്യൂ സ്‌കറിയ (രാജു) പൊട്ടംകുളം സൗജന്യമായി നല്‍കുന്ന സ്ഥലത്ത് ഏഴ് വീടുകളുടെ നിര്‍മ്മാണത്തിനുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായി.

ഈ മൂന്നു ഘട്ടങ്ങള്‍ക്കും പുറമേ നാലാം ഘട്ടമായി മൂന്നു വീടിനു കൂടി അടുത്തിടെ ചെറുതും വലുതുമായ സഹായങ്ങളിലൂടെ തുക വകയിരുത്തിയിട്ടുണ്ട്. വീട് നിര്‍മ്മാണത്തിനും സര്‍ക്കാര്‍ സഹായം പര്യാപ്തമല്ലാത്ത വീടുകള്‍ക്ക് സഹായത്തിനും വീടുകളുടെ മെയിന്റനന്‍സിനുമായി മറ്റ് നിരവധി അപേക്ഷകള്‍ക്ക് ഇനിയും പരിഹാരം ഉണ്ടാവേണ്ടതുണ്ട്.

ഈ സംരംഭത്തില്‍ ഉദാരമതികളായ ആര്‍ക്കും പങ്കാളികളാകാം. ഒരു സ്‌ക്വയര്‍ ഫീറ്റിനുള്ള തുക നല്‍കിയെങ്കിലും ഓരോരുത്തര്‍ക്കും ഇതിന്റെ ഭാഗമാകാം. കൂടാതെ സിമന്റ് കട്ടകള്‍, കട്ടള, ജനല്‍, വാതില്‍, സിമന്റ്, കമ്പി, കല്ല്, മണല്‍, ഒരു മുറിയുടെ സ്‌പോണ്‍സര്‍ഷിപ്പ് തുടങ്ങിയ വിവിധ രീതികളില്‍ ആര്‍ക്കും ഈ ഉദ്യമത്തില്‍ പങ്കാളികളാകാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.