നയപ്രഖ്യാപനത്തോടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ബജറ്റ് ഫെബ്രുവരി മൂന്നിന്

നയപ്രഖ്യാപനത്തോടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ബജറ്റ് ഫെബ്രുവരി മൂന്നിന്

തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ എട്ടാം നിയമസഭ സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ഇന്ന് തുടക്കമാകും. നിയമസഭാ കലണ്ടറിലെ ദൈര്‍ഘ്യമേറിയ സമ്മേളനമാണ് ഇത്. സമ്മേളനത്തിന്റെ പ്രധാന അജണ്ടയായ സംസ്ഥാന ബജറ്റ് ഫെബ്രുവരി മൂന്നിന് അവതരിപ്പിക്കും.

ഇന്ന് തുടങ്ങി മാര്‍ച്ച് 30 വരെയാണ് നിയമസഭ ചേരുക. സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപനത്തിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. മാറ്റങ്ങൾ ഒന്നും നിർദേശിക്കാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം അംഗീകരിച്ച് സംസ്ഥാന സർക്കാരിന് തിരിച്ചയച്ചതെന്നാണ് സൂചന.

സാമ്പത്തിക ഞെരുക്കത്തിൽ കേന്ദ്രത്തെ പഴിചാരുന്ന പരാമര്‍ശങ്ങളടക്കം നയപ്രഖ്യാപന പ്രസംഗത്തിലുണ്ടാകും. ഗവര്‍ണറോടുള്ള എതിര്‍പ്പ് കാരണം നയപ്രഖ്യാപനം ഒഴിവാക്കുന്നത് പോലും സർക്കാർ ചിന്തിച്ചിരുന്നെങ്കിലും അനുനയ അന്തരീക്ഷം തെളിഞ്ഞതോടെയാണ് നയപ്രഖ്യാപന പ്രസംഗം നടക്കുന്നത്. 

അതേസമയം സാമ്പത്തിക ഞെരുക്കം ധൂര്‍ത്ത് പൊലീസ്- ഗുണ്ടാ ബന്ധം തുടങ്ങിയ വിഷയങ്ങൾ സർക്കാരിനെതിരെ ആയുധമാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. സാമ്പത്തിക പ്രതിസന്ധി, ഭക്ഷ്യസുരക്ഷ, ബഫർ സോണ്‍ പ്രതിസന്ധി എന്നിവയ്ക്ക് ഈ സഭാ കാലയളവിൽ ഊന്നൽ നൽകുമെന്ന് പ്രതിപക്ഷ നേതാവ്  വി.ഡി. സതീശൻ വ്യക്തമാക്കി. 

ജനുവരി 25, ഫെബ്രുവരി ഒന്ന്, രണ്ട് തിയതികളില്‍ നയപ്രഖ്യാപന ചര്‍ച്ചയാണ്. ഫെബ്രുവരി ആറ് മുതല്‍ എട്ട് വരെ ബജറ്റിന്മേലുള്ള പൊതു ചര്‍ച്ചയും ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 22 വരെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയും നടക്കും. തുടർന്ന് ബജറ്റ് പാസാക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.