ദുബായ്: ദുബായ് ഉള്‍പ്പടെയുളള വിവിധ വിമാനത്താവളങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുളള വിമാന ടിക്കറ്റ് നിരക്ക് മാർച്ച് പകുതിയോടെ ഉയർന്നേക്കും. രാജ്യത്തെ ഇന്ത്യന്‍ സ്കൂളുകളില്‍ പൊതു പരീക്ഷകളല്ലാതെയുളള വാർഷിക പരീക്ഷകള്‍ കഴിഞ്ഞ് മാർച്ച് പകുതിയോടെ സ്കൂളുകള്‍ അടയ്ക്കുമെന്നതിനാലും റമദാന്‍ മാസം ആരംഭിക്കാന്‍ ഇരിക്കുന്നതിനാലും ടിക്കറ്റ് നിരക്ക് 10 മുതല്‍ 15 ശതമാനം വരെ ഉയരുമെന്നുളളതാണ് വിലയിരുത്തല്‍.
ടിക്കറ്റ് നിരക്കിലെ വലിയ വർദ്ധനവ് ഒഴിവാക്കാന്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുകയാണ് പലരും. ഇന്ത്യയിലെ മറ്റിടങ്ങളിലെ അപേക്ഷിച്ച് കേരളത്തിലേക്കുളള ടിക്കറ്റ് നിരക്കിലാണ് വർദ്ധനവ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ മെയ് മാസങ്ങളില്‍ കേരളത്തിലെ സ്കൂളുകളില്‍ മധ്യവേനല്‍ അവധിയാണ്.
അതുകൊണ്ടുതന്നെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുളള ടിക്കറ്റ് നിരക്കിലും ഇക്കാലയളവില്‍ വർദ്ധനവുണ്ടായേക്കും. ഏപ്രിലില്‍ യുഎഇയില്‍ സ്കൂളുകള്‍ തുറക്കും. അവധിക്ക് നാട്ടിലേക്ക് പോയ കുടുംബങ്ങള്‍ തിരിച്ച് വരുന്നത് ഏപ്രില്‍ ആദ്യ വാരങ്ങളിലായിരിക്കും.ആവശ്യക്കാരേറുന്നത് ടിക്കറ്റ് നിരക്ക് ഉയർത്തും.
മാർച്ച് 23 നാണ് റമദാന്‍ മാസം ആരംഭിക്കുന്നതെന്നാണ് ജ്യോതിശാസ്ത്ര നിഗമനം. ഏപ്രില്‍ 21 നായിരിക്കും ഈദുല്‍ ഫിത്തറെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഏപ്രില്‍ 20 മുതല്‍ 23 വരെ യുഎഇയില്‍ പൊതു അവധിയായിരിക്കും. ആഘോഷ അവസരങ്ങളില്‍ കുടുംബത്തോടൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നവർ ഏറെയാണ്.
എന്നാല്‍ ഏപ്രില്‍ പകുതിയില്‍ വിഷു കൂടിയെത്തുന്നതുകൊണ്ടുതന്നെ നാട്ടിലേക്കും തിരിച്ചുമുളള ടിക്കറ്റ് നിരക്കില്‍ ഇത്തവണയും പ്രവാസിക്ക് കൈപൊളളുമെന്ന് ചുരുക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.