കൈവശം 33,000 രൂപയുടെ ഫോണ്‍, വൈകുന്നേരങ്ങളില്‍ എ.സി ബാറില്‍ കയറി രണ്ട് ചില്‍ഡ് ബിയര്‍'; മാസാണ് ഇടപ്പള്ളിയിലെ ഈ ഭിക്ഷക്കാരന്‍

കൈവശം 33,000 രൂപയുടെ ഫോണ്‍, വൈകുന്നേരങ്ങളില്‍ എ.സി ബാറില്‍ കയറി രണ്ട് ചില്‍ഡ് ബിയര്‍'; മാസാണ് ഇടപ്പള്ളിയിലെ ഈ ഭിക്ഷക്കാരന്‍

കൊച്ചി: തിരക്കേറിയ ഇടപ്പള്ളി ജംഗ്ഷനിലെ സിഗ്‌നലില്‍ ഭിക്ഷ യാചിച്ച് വാഹനത്തിന് അരികില്‍ എത്തുന്ന അന്യ സംസ്ഥാനക്കാര്‍ നിരവധിയാണ്. കൊച്ചുകുട്ടികളും അംഗ പരിമിതരും മുതല്‍ വൃദ്ധര്‍ വരെ അക്കൂട്ടത്തിലുണ്ട്. ഇത്തരത്തില്‍ 13 വര്‍ഷമായി ഇടപ്പള്ളിയില്‍ ഭിക്ഷയെടുക്കുന്ന ഒരു യാചകനെ തുറന്നു കാണിക്കുകയാണ് 'ലേയ്മാന്‍സ് ഡയറി ബൈ ടിക്‌സണ്‍' എന്ന യൂട്യൂബ് ചാനല്‍.

ഓപറേഷന് സഹായം എന്ന് ബക്കറ്റില്‍ എഴുതി വാഹനങ്ങള്‍ക്ക് മുന്നില്‍ കാണിച്ച് ഭിക്ഷാടനം നടത്തുന്ന വ്യക്തിയുടെ ഒരു ദിവസത്തെ ജീവിതമാണ് ടിക്‌സണ്‍ ക്യാമറയില്‍ പകര്‍ത്തിയത്. തന്റെ സര്‍ജറിക്ക് രണ്ട് ലക്ഷം രൂപ ആവശ്യമാണെന്ന് പറഞ്ഞാണ് ഇയാള്‍ പിരിവ് നടത്തുന്നത്. എന്നാല്‍, 13 വര്‍ഷമായി ഈ ആവശ്യവുമായി ഇയാള്‍ ഇവിടെ ഭിക്ഷാടനം നടത്തുകയാണെന്ന് ടിക്‌സണ്‍ തന്റെ വീഡിയോയില്‍ പറയുന്നു.

എന്നാല്‍ ഇയാളുടെ ജീവിതം ആഡംബരം നിറഞ്ഞതാണെന്ന് ടിക്‌സണ്‍ തെളിവുകള്‍ നിരത്തി പറയുന്നു. വ്‌ളോഗിന്റെ ഭാഗമായി യാചകനുമായി സംസാരിക്കുകയും ചെയ്തു. ഇയാളുടെ വാക്കുകളില്‍ നിന്നും ചില സംശയങ്ങള്‍ തോന്നിയതോടെയാണ് ടിക്‌സണ്‍ ഇയാളെ പിന്തുടര്‍ന്നത്. പേരോ നാടോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.

കുറച്ച് സമയത്തെ ഭിക്ഷാടനത്തിന് ശേഷം അടുത്തുള്ള ഷവര്‍മ കടയില്‍ ബക്കറ്റ് വച്ചതിന് ശേഷം തൊട്ടപ്പുറത്തുള്ള മൊബൈല്‍ കടയിലേക്ക് ഭിക്ഷാടകന്‍ കയറി. കടയില്‍ അന്വേഷിച്ചപ്പോള്‍ ഇയാള്‍ എല്ലാ വര്‍ഷവും പുതിയ ഫോണുകള്‍ വാങ്ങാറുണ്ടെന്നും കഴിഞ്ഞയാഴ്ച ഇയാള്‍ 33,000 വിലയുള്ള ഒരു ഫോണ്‍ വാങ്ങിയതായും കടക്കാരന്‍ വ്യക്തമാക്കി. ഇത് ചാര്‍ജ്ജ് ചെയ്യുന്നതിന് വേണ്ടി ഇതേ മൊബൈല്‍ ഷോപ്പില്‍ തന്നെയാണ് ഇയാള്‍ കൊണ്ടുവരാറുള്ളത് എന്നും കടക്കാരന്‍ സ്ഥിരീകരിച്ചു.

ഭിക്ഷാടനത്തിനിടെ ഇയാള്‍ സ്ഥിരമായി നിരവധി ലോട്ടറികള്‍ എടുക്കാറുണ്ട്. മിക്കപ്പോഴും ചെറിയ തുക തുക അടിക്കാറുമുണ്ട്. രണ്ട് ലക്ഷം രൂപവരെ ഇയാള്‍ക്ക് ലോട്ടറി അടിച്ചിട്ടുണ്ടെന്നും പറയുന്നു.

മറ്റൊരു രാത്രിയില്‍ നടത്തിയ അന്വേഷണത്തില്‍ ഇടപ്പള്ളിയില്‍ തന്നെയുള്ള ഒരു ബാറിന്റെ എ.സി കൗണ്ടറില്‍ ഇരുന്ന് നല്ല ചില്‍ഡ് ബിയര്‍ കുടിക്കുന്ന നിലയിലാണ് ഭിക്ഷക്കാരനെ കണ്ടത്. ബാറില്‍ നിന്നും പുറത്തിറങ്ങിയ ഇയാള്‍ വഴിയോരത്ത് കിടന്നുറങ്ങുന്നത് കണ്ടെത്തി.

പൂസിന്റെ മറവില്‍ പോക്കറ്റില്‍ നിന്നും പോയ അഞ്ഞൂറിന്റെ ഒരു കെട്ട് നോട്ട് സമീപത്ത് കിടപ്പുണ്ടായിരുന്നു. ഇതെല്ലാം ടിക്‌സണ്‍ തന്റെ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.