മുന്നറിയിപ്പ് നൽകുന്ന അമ്മയെപോലെയാവണം ഭയം; അമിത ഭയം ക്രിസ്തീയമല്ല: 'ഭയം ഒരു സമ്മാനം' എന്ന തന്റെ പുസ്തകവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ മാർപ്പാപ്പ

മുന്നറിയിപ്പ് നൽകുന്ന അമ്മയെപോലെയാവണം ഭയം; അമിത ഭയം ക്രിസ്തീയമല്ല: 'ഭയം ഒരു സമ്മാനം' എന്ന തന്റെ പുസ്തകവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പ രചിച്ച "ലാ പൗറ കം ഡോനോ (La paura come dono) അഥവാ ഭയം ഒരു സമ്മാനം എന്ന പുസ്തകവുമായി ബന്ധപ്പെട്ട് ഇറ്റാലിയൻ മനഃശാസ്ത്രജ്ഞനായ സാൽവോ നോയ്, പാപ്പയുമായി അഭിമുഖം നടത്തി. പുസ്തകം ജനുവരി 25 ന് ഇറ്റാലിയൻ ഭാഷയിൽ എഡിസിയോണി സാൻ പൗലോ പുറത്തിറക്കും.

2013 ൽ കോൺക്ലേവിൽ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത് മുതൽ കഴിഞ്ഞ 10 വർഷങ്ങളിലെ തന്റെ ചിന്തകളെയും ഭയങ്ങളെയും വികാരങ്ങളെയും കുറിച്ച് മാർപ്പാപ്പ അഭിമുഖത്തിൽ സംസാരിച്ചു. നിർണായക തീരുമാനങ്ങൾ എടുക്കേണ്ട ഘട്ടങ്ങളിൽ താൻ പലപ്പോഴും തീരുമാനങ്ങൾ തെറ്റാകുമോയെന്ന് ഭയപ്പെട്ടിട്ടുണ്ടെന്ന് പാപ്പ പറയുന്നു.

എന്നാൽ ഇത്തരം ഘട്ടങ്ങളിൽ ശ്രദ്ധാപൂർവം തീരുമാനങ്ങൾ എടുക്കുന്നതിനും എങ്ങനെ അവ നടപ്പിലാക്കണം എന്നതുൾപ്പെടെയുള്ള വിഷയങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്യുന്നതിനുമാണ് ഈ ഭയം തന്നെ സഹായിച്ചിട്ടുള്ളതെന്നും പാപ്പ ഓർമിച്ചു.

"ഭയം എന്നെ മൂടുകയല്ല മറിച്ച് ശ്രദ്ധയോടെ മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്ന ഒരു വികാരമാണ്: ഭയം നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന ഒരു അമ്മയെപ്പോലെയാകാം" മാർപ്പാപ്പ പറയുന്നു.

തുടർന്ന് വൈദികപാഠശാലകളുടെ രൂപീകരണം, കാപട്യങ്ങൾ മൂലമുണ്ടാകുന്ന വെല്ലുവിളി, ലൗകികത, ഔദ്യോഗികജീവിതവുമായി ബന്ധപ്പെട്ട അവസ്ഥകൾ, സ്വവർഗാനുരാഗികളെയും കുടിയേറ്റക്കാരെയും സ്വാഗതം ചെയ്യൽ, സെമിനാരികളിൽ മനശാസ്ത്രപരമായ അവലോകനങ്ങൾ അവതരിപ്പിക്കുന്നതിലൂടെ വൈദികരുടെ ദുരുപയോഗം തടയൽ തുടങ്ങി നിരവധി വിഷയങ്ങൾ ഇരുവരും സംഭാഷണത്തിൽ ഉൾപ്പെടുത്തി.

അമിതമായ ഭയം

പുസ്തകത്തിന്റെ കേന്ദ്ര വിഷയമായ ഭയം എന്ന വിഷയത്തെക്കുറിച്ച് ഫ്രാൻസിസ് മാർപ്പാപ്പയും ഡോ. നോയും തമ്മിൽ ദീർഘനേരം സംസാരിച്ചു. "അമിതമായ ഭയം നമ്മെ വേദനിപ്പിക്കുകയും ദുർബലപ്പെടുത്തുകയും തളർത്തുകയും ചെയ്യും. ഒരു വ്യക്തിക്ക് മേൽ ഭയം വിജയം നേടിയാൽ പിന്നെ അവന് അനങ്ങാൻ കഴിയില്ല. എന്തുചെയ്യണമെന്ന് അവന് നിശ്ചയമുണ്ടാകില്ല" പാപ്പ വിശദീകരിച്ചു.

"അമിതമായ ഭയം വാസ്തവത്തിൽ ഒരു ക്രിസ്തീയ മനോഭാവമല്ല. മറിച്ച് അത് ഒരു മനോഭാവമാണ്, മുന്നോട്ട് പോകാനും എന്തെങ്കിലും സൃഷ്ടിക്കാനും, നന്മ ചെയ്യാനും സ്വാതന്ത്ര്യമില്ലാത്ത തടവിലാക്കപ്പെട്ട ഒരു ആത്മാവിന്റെ മനോഭാവമാണ് ഇതെന്ന് നമുക്ക് പറയാൻ കഴിയും" മാർപ്പാപ്പ വ്യക്തമാക്കി.

അതിന് ശേഷം സംഭാഷണത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ താൻ ഏറെ പരാമർശിക്കുന്ന കുടിയേറ്റക്കാരുടെ പ്രശ്നത്തിലേക്കും ശ്രദ്ധ തിരിച്ചു. നമ്മുടെ പ്രശ്നങ്ങൾ ഉയർന്ന മൂല്യങ്ങളുടെ അഭാവത്തിൽ നിന്നും, നമ്മുടെ വീടുകളിലെയും നഗരങ്ങളിലെയും ക്രമരഹിതമായ ജീവിതരീതിയിൽ നിന്നും, നമ്മെ പരസ്പരം അകറ്റുന്നതും സാഹോദര്യം അനുവദിക്കാത്തതുമായ വിശ്വാസത്തിന്റെ ശൂന്യതയിൽ നിന്നും ഉണ്ടാകുന്നുവെന്നും മാർപ്പാപ്പ ചൂണ്ടിക്കാണിച്ചു.

തുടർന്ന് മാർപ്പാപ്പ "സൃഷ്ടിയുടെ പൈതൃകം സംരക്ഷിക്കുന്നതിനും ഭൂമിയിലുള്ളവരുടെ ജീവൻ സംരക്ഷിക്കുന്നതിനും മാന്യമായ ഒരു പരിസ്ഥിതിക ജീവിതശൈലി സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്തു. "നമ്മുടെ ഗ്രഹം രോഗാതുരമാണ്, അത് മോശമായി കൈകാര്യം ചെയ്യപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നു. സ്വാർത്ഥതയുടെയും മാലിന്യ സംസ്‌കാരത്തിന്റെയും ആധിപത്യമുള്ള ഒരു ജീവിതരീതിയുടെ അനന്തരഫലമാണിതെന്നും പാപ്പ വിശദീകരിച്ചു.

കാപട്യത്തെ എങ്ങനെ നേരിടാം

കാപട്യവും ക്രിസ്തീയമല്ലെന്ന് മാർപ്പാപ്പ ചൂണ്ടിക്കാണിക്കുന്നു. "ഇത് സത്യത്തോടുള്ള ഭയമാണ്. ഒരു കപടവിശ്വാസി സത്യത്തെ ഭയപ്പെടുന്നു. ഒരാൾ സ്വയം അഭിനയിക്കുന്നതിനുപകരം അഭിനയിക്കാൻ ഇഷ്ടപ്പെടുന്നു. ഇത് നിങ്ങളുടെ ആത്മാവുമായി നടത്തുന്ന ഒരു ചൂതാട്ടം പോലെയാണ്. നടിക്കുന്നത് സത്യം തുറന്നു പറയാനുള്ള ധൈര്യത്തെ നശിപ്പിക്കുന്നു. അതിലൂടെ എല്ലായിടത്തും എപ്പോഴും സത്യം പറയാനുള്ള അവസരങ്ങൾ നാം എളുപ്പത്തിൽ ഇല്ലാതാക്കുന്നുവെന്നും മാർപ്പാപ്പ വിശദീകരിച്ചു.

"കാപട്യം സംഭവിക്കാൻ സാധ്യതയുള്ള നിരവധി സാഹചര്യങ്ങളുണ്ട്. നാം ജോലിസ്ഥലത്ത് ആയിരിക്കുമ്പോൾ ഉൾപ്പെടെ കാപട്യം നടിക്കാൻ നാം പലപ്പോഴും ശ്രമിക്കുന്നു. ഉദാഹരണത്തിനായി ജോലിസ്ഥലത്ത് ഒരാൾ സഹപ്രവർത്തകരുമായി സൗഹൃദപരമായിഇടപെടാൻ ശ്രമിക്കുന്നു. എന്നാൽ അവർക്കിടയിൽ ഉണ്ടാകുന്ന മത്സരബുദ്ധി സഹപ്രവർത്തകരുടെ പിന്നിൽ നിന്ന് അടിക്കുന്നതിന് ഇടയാക്കുന്നു."

ഇത് രാഷ്ട്രീയത്തിലാണെങ്കിൽ, പൊതു-സ്വകാര്യ ജീവിതങ്ങളിലെ കപടവിശ്വാസികളെ കണ്ടെത്തുന്നത് അസാധാരണമല്ലെന്നും മാർപ്പാപ്പ ചൂണ്ടിക്കാണിക്കുന്നു. "എങ്കിലും സഭയിൽ കാപട്യം കണ്ടെത്തുന്നത് നമുക്കിടയിൽ പ്രത്യേകം വെറുപ്പുളവാക്കുന്നതാണ്. നിർഭാഗ്യവശാൽ അത് നിലവിലുണ്ട്. ധാരാളം കപട ക്രിസ്ത്യാനികളും ശുശ്രൂഷകരുമുണ്ട്.

നിങ്ങളുടെ സംസാരം അതെ, അതെയെന്നോ അല്ല അല്ലായെന്നോ ആയിരിക്കട്ടെയെന്ന കർത്താവിന്റെ വാക്കുകൾ നാം ഒരിക്കലും മറക്കരുത്. അതിൽ കൂടുതൽ വരുന്നത് എന്തും ദുഷ്ടനിൽ നിന്നാണെന്നും പാപ്പ വ്യക്തമാക്കി.

തെരുവുകളിലൂടെ സ്വതന്ത്രനായി നടക്കാൻ ഇഷ്ടപ്പെടുന്ന പാപ്പ

അർജന്റീനയിലെ പോലെ വത്തിക്കാനിലെയും തെരുവിലൂടെ നടക്കാനും ആളുകളെ കാണാനും അവരുമായി സംസാരിക്കാനും അവരുടെ കഥകളും ബുദ്ധിമുട്ടുകളും സാഹചര്യങ്ങളെക്കുറിച്ചും കേൾക്കാനുമുള്ള തന്റെ ആഗ്രഹത്തെ ഫ്രാൻസിസ് മാർപ്പാപ്പ ഒരിക്കൽ കൂടി വെളിപ്പെടുത്തി.

"എനിക്ക് സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കേണ്ടതുണ്ട്. ഇവിടെ അവർ എനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയപ്പെടുന്നു. ഈ സാഹചര്യത്തിൽ അത് ന്യായമാണെങ്കിലും ഇത് മറ്റൊരു തരം ഭയമാണ്" എന്ന് പാപ്പ സമ്മതിക്കുന്നു.

"ആദ്യത്തെ അവസരങ്ങളിൽ അതായത് മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടയുടനെ മുന്നറിയിപ്പില്ലാതെ കുറച്ച് തവണ പുറത്തുപോകാൻ ഞാൻ ശ്രമിച്ചു. പക്ഷെ ഇതിലൂടെ എന്റെ സുരക്ഷ ഉറപ്പാക്കാൻ പ്രവർത്തിക്കുന്ന ആളുകൾക്ക് ഞാൻ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു" എന്നും മാർപ്പാപ്പ വെളിപ്പെടുത്തി.

കൂടുതൽ വത്തിക്കാൻ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.