അമേരിക്ക പ്രസിഡന്റിന്റെ വസതിയിൽ പന്ത്രണ്ട് മണിക്കൂറിലേറെ റെയ്ഡ്: കൂടുതൽ ഔദ്യോഗിക രഹസ്യരേഖകൾ പിടിച്ചെടുത്ത് എഫ്ബിഐ

അമേരിക്ക പ്രസിഡന്റിന്റെ വസതിയിൽ പന്ത്രണ്ട് മണിക്കൂറിലേറെ റെയ്ഡ്: കൂടുതൽ ഔദ്യോഗിക രഹസ്യരേഖകൾ പിടിച്ചെടുത്ത് എഫ്ബിഐ

വാഷിംഗ്ടൺ: അമേരിക്ക പ്രസിഡന്റ് ജോ ബൈഡന്റെ വിൽമിങ്ടണിലെ വസതിയിൽ എഫ്ബിഐ 12 മണിക്കൂറിലേറെ നീണ്ടുനിന്ന റെയ്‌ഡിൽ കൂടുതൽ ഔദ്യോഗിക രഹസ്യരേഖകൾ പിടിച്ചെടുത്തതോടെ രാജ്യത്ത് ഒരു രാഷ്ട്രീയ കൊടുങ്കാറ്റിന് തുടക്കമിടുന്നതായി നിരീക്ഷകർ. ആറ് ക്ലാസിഫൈഡ് രേഖകൾ പിടിച്ചെടുത്ത റെയ്‌ഡിൽ ബൈഡന്റെ വസതിയിൽ വർക്കിങ്ങ് ഏരിയ, ലിവിങ്ങ് റൂം, സ്റ്റോറേജ് സ്‌പെയ്‌സ് എന്നിവിടങ്ങളിൽ വിശദമായ പരിശോധന നടത്തിയതായി ബൈഡന്റെ പേഴ്‌സണൽ അറ്റോർണി ബോബു ബോവർ സ്ഥിരീകരിച്ചു.

നീതിന്യായ വകുപ്പിന്റെ അന്വേഷണ ഉദ്യോഗസ്ഥർ ബൈഡന്റെ അഭിഭാഷകരുമായി കൃത്യമായ ഏകോപനത്തോടെയാണ് തിരച്ചിൽ നടത്തിയതെന്ന് ബോവർ കൂട്ടിച്ചേർത്തു. തിരച്ചിൽ നടക്കുമ്പോൾ പ്രസിഡന്റിന്റെ സ്വകാര്യ അഭിഭാഷകരും വൈറ്റ് ഹൗസ് അഭിഭാഷകരും ഒപ്പമുണ്ടായിരുന്നു. ബൈഡൻ വൈസ് പ്രസിഡന്റായിരുന്ന 2009-16 കാലത്തെ ഔദ്യോഗിക രേഖകളാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. റെയ്ഡ് നടക്കുമ്പോൾ ബൈഡനും ഭാര്യയും ഡെലവെയറിലെ റിഹോബത് ബീച്ചിൽ വാരാന്ത്യ അവധിയിലായിരുന്നു.

വാഷിംഗ്ടൺ ഡിസിയിലെ പെൻ ബൈഡൻ സെന്ററിൽ നിന്നും കഴിഞ്ഞ നവംബർ രണ്ടിന് ചില രഹസ്യരേഖകൾ കണ്ടെടുത്തിരുന്നു. ഇതോടെ പിടിച്ചെടുത്ത രഹസ്യരേഖകളുടെ എണ്ണം 18 ആയി. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് രേഖകൾ പിടികൂടിയ വാർത്ത പുറത്തുവന്നതോടെ ബൈഡൻ പ്രതികരിച്ചത്.

അമേരിക്കൻ നിയമം അനുസരിച്ച് ഭരണപദവിയിലിരിക്കുന്നയാൾ അധികാരമൊഴിഞ്ഞാലുടൻ ഔദ്യോഗികരേഖകളെല്ലാം തിരിച്ചേൽപിക്കണം. നിരുത്തരവാദപരമായി അവ സ്വകാര്യവസതിയിലും മറ്റു സൂക്ഷിക്കുന്നതായ ആരോപണത്തെ തുടർന്ന് നിയമവകുപ്പ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ആയിരുന്നു റെയ്ഡ്.

പെൻ ബൈഡൻ സെന്ററിൽ നിന്ന് പിടിച്ചെടുത്ത രേഖകളെക്കുറിച്ച് അന്വേഷിക്കാൻ കഴിഞ്ഞയാഴ്ച അമേരിക്കൻ അറ്റോർണി ജനറൽ മെറിക് ബി. ഗാർലൻഡ് സ്പെഷൽ കൗൺസലായി റോബർട് ഹറിനെ നിയമിച്ചിരുന്നു.

മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഔദ്യോഗികരേഖകൾ ഫ്ലോറിഡയിലെ മറലാഗോ വസതിയിൽ സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തത് വൻ വിവാദത്തിനിടയാക്കിയിരുന്നു. ട്രംപിന്റെ നിരുത്തരവാദ നടപടികളെ രൂക്ഷമായി വിമർശിച്ച ബൈഡന്റെ വസതിയിൽ നിന്ന് രഹസ്യരേഖകൾ കണ്ടെടുത്തതു പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനൊരുങ്ങുന്ന ബൈഡന് ക്ഷീണമാകും.

ക്ലാസിഫൈഡ് ഡോക്യുമെന്റ്‌സ് വിവാദമായതോടെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള അമേരിക്കൻ ഹൗസും ഈ വിഷയം ഗൗരവത്തിലെടുത്തിട്ടുണ്ട്. അമേരിക്കൻ ജുഡീഷ്യറി കമ്മിറ്റി പിടിച്ചെടുത്ത രേഖകൾ പരിശോധിക്കണമെന്ന് സ്‌പെഷൽ കൗൺസിൽ റിച്ചാർഡ് എറിനോട് ആവശ്യപ്പെട്ടു.

ജനുവരി 27 വരെയാണ് ഇതിനു സമയം നൽകിയിട്ടുള്ളത്. ട്രംപിന്റെ ഫ്‌ലോറിഡാ മാർലോഗോയിൽ നിന്നുപിടിച്ചെടുത്ത രഹസ്യരേഖകളുടെ അന്വേഷണം ഒരുഭാഗത്തു നടക്കുമ്പോൾ ബൈഡന്റെ വസതിയിൽ നിന്നുപിടിച്ചെടുത്ത രേഖകളുടെ അന്വേഷണം പുരോഗമിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.