സമരം ഒത്തുതീർന്നതിന് പിന്നാലെ കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകരുടെ കൂട്ടരാജി

സമരം ഒത്തുതീർന്നതിന് പിന്നാലെ കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകരുടെ കൂട്ടരാജി

കോട്ടയം: വിദ്യാർഥികളുടെ സമരം ഒത്തുതീർപ്പാക്കിയതിന് പിന്നാലെ കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ട രാജി. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡീന്‍ ചന്ദ്രമോഹന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ രാജിവച്ചു. 

സിനിമോട്ടോഗ്രാഫി വിഭാഗത്തിലെ ഫൗസിയ, നന്ദകുമാര്‍, ഓഡിയോ വിഭാഗത്തിലെ വിനോദ്, അസിസ്റ്റന്റ് പ്രൊഫസര്‍ (ഡയറക്ഷന്‍) ബാബാനി പ്രമോദി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സന്തോഷ്, അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ അനില്‍ കുമാര്‍ എന്നിവരാണ് രാജിവച്ചത്. 

ഡയറക്ടര്‍ ആയിരുന്ന ശങ്കര്‍ മോഹനുമായി അടുപ്പം പുലര്‍ത്തിയിരുന്നവരാണ് രാജിവച്ച ഏഴ് പേരും. അധ്യാപകര്‍ക്ക് ഗുണനിലവാരം ഇല്ലെന്ന വിദ്യാര്‍ഥികളുടെ പരാതി അംഗീകരിക്കാന്‍ ആവില്ലെന്ന വിമര്‍ശനം ഉയര്‍ത്തിയായിരുന്നു രാജി. 

ജാതി വിവേചനം കാണിക്കുന്നതായി​ ആരോപണമുയർന്ന കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ കഴിഞ്ഞ ദിവസം രാജി​വെച്ചിരുന്നു. ശങ്കർ മോഹന്റെ രാജി ആവശ്യപ്പെട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ 50 ദിവസമായി സമരം നടത്തിവരികയായിരുന്നു​. മന്ത്രി ആർ. ബിന്ദു വിദ്യാർഥികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം ഒത്തുതീർപ്പായത്.

ഡയറക്ടർ രാജിവച്ചെങ്കിലും സമരത്തിൽ നിന്ന് വിദ്യാർഥികൾ പിന്മാറിയിരുന്നില്ല. തങ്ങൾ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ കൂടി പരിഹരിച്ചു നൽകാതെ സമരം അവസാനിപ്പിക്കേണ്ട എന്നായിരുന്നു തീരുമാനം. ഇന്നലെ ക്യാമ്പസിൽ ചേർന്ന ജനറൽബോഡി യോഗത്തിലും ഈ തീരുമാനം തന്നെയാണ് ഉണ്ടായത്. ഇതേതുടർന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി വിദ്യാർഥികളെ ചർച്ചയ്ക്ക് വിളിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.