ദൈവവചന ഞായര്‍ ആഘോഷം: ദൈവവചനം ജീവിതത്തിലൂടെ പ്രഘോഷിക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും ആദരവ് അര്‍പ്പിച്ച് മാര്‍പ്പാപ്പ

ദൈവവചന ഞായര്‍ ആഘോഷം: ദൈവവചനം ജീവിതത്തിലൂടെ പ്രഘോഷിക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും ആദരവ് അര്‍പ്പിച്ച് മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: ദൈവവചനം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും അത് നമ്മെ മാനസാന്തരത്തിലേക്ക് നയിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ. ജീവിതത്തില്‍ ദൈവവചനത്തെ കേന്ദ്രസ്ഥാനത്ത് സ്ഥാപിക്കാനും നമ്മുടെ അതിരുകള്‍ വിശാലമാക്കാനും ആളുകളോട് സ്വയം തുറക്കാനും യേശുവിനെ മാതൃകയാക്കാമെന്നും മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു. ദൈവവചന ഞായര്‍ ആചരണത്തോടനുബന്ധിച്ച് ദൈവവചനം ജീവിതത്തിലൂടെ പ്രഘോഷിക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും ആദരവ് അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മാര്‍പ്പാപ്പ.

ഞായറാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ നാമധേയത്തിലുള്ള ബസിലിക്കയില്‍ മാര്‍പ്പാപ്പ ദിവ്യ ബലി അര്‍പ്പിച്ചു.

'ഞങ്ങള്‍ കണ്ടത് നിങ്ങളെയും ഞങ്ങള്‍ അറിയിക്കുന്നു' - യോഹന്നാന്‍ എഴുതിയ ഒന്നാം ലേഖനം ഒന്നാം അദ്ധ്യായത്തിലെ മൂന്നാമത്തെ വാക്യമാണ് ഇക്കൊല്ലത്തെ ദൈവവചന ഞായര്‍ ആചരണത്തിന്റെ വിചിന്തന പ്രമേയം. വത്തിക്കാനില്‍ നടന്ന നാലാം ദൈവവചന ഞായര്‍ ആചരണത്തില്‍ ഇറ്റലി, കോംഗോ, ഫിലിപ്പീന്‍സ്, മെക്സിക്കോ, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള അല്‍മായരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിശുദ്ധഗ്രന്ഥ വായനയ്ക്കും അള്‍ത്താര ശുശ്രൂഷയ്ക്കും അനുമതി നല്‍കിയിരുന്നു.

2020 ജനുവരി 26- നാണ് ഫ്രാന്‍സിസ് പാപ്പ ദൈവവചനത്തിന്റെ ഞായര്‍ ആചരണത്തിന് കത്തോലിക്ക സഭയില്‍ ആരംഭം കുറിച്ചത്.

നസ്രത്തിലെ ശാന്തമായ ജീവിതത്തിനു ശേഷം യേശു തന്റെ പരസ്യ ശുശ്രൂഷയിലേക്ക് പ്രവേശിക്കുന്നത് എങ്ങനെയെന്ന് ഈ സുവിശേഷ ഭാഗത്തിലൂടെ നമുക്കു വായിച്ചെടുക്കാമെന്ന് മാര്‍പ്പാപ്പ പറഞ്ഞു. അവിടുന്ന് എല്ലാവരെയും രൂപാന്തരീകരണത്തിന് ക്ഷണിക്കുകയും തന്റെ ശിഷ്യന്മാര്‍ക്ക് ദൈവത്തിന്റെ അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ സുവാര്‍ത്ത പ്രചരിപ്പിക്കാനുള്ള ദൗത്യം ഏല്‍പ്പിക്കുകയും ചെയ്യുന്നു.

'വചനം എല്ലാവര്‍ക്കുമുള്ളതാണ്. അത് എല്ലാവരെയും പരിവര്‍ത്തനത്തിലേക്ക് ക്ഷണിക്കുകയും നമ്മെ സദ്‌വാര്‍ത്തയുടെ പ്രഘോഷകരാക്കുകയും ചെയ്യുന്നതായി ഈ സുവിശേഷ ഭാഗം ചൂണ്ടിക്കാട്ടുന്നു.

യേശു നിരന്തരം യാത്രയിലാണ്. ഒരു സഞ്ചാരിയും തീര്‍ത്ഥാടകനുമായി പട്ടണങ്ങളും ഗ്രാമങ്ങളും സന്ദര്‍ശിക്കുകയും ജനങ്ങളെ കണ്ടുമുട്ടുകയും അവരുടെ മുറിവുകള്‍ സുഖപ്പെടുത്തുകയും ചെയ്യുന്നു. അവിടുത്തെ പാദങ്ങള്‍ ദൈവസ്‌നേഹത്തിന്റെ സുവാര്‍ത്ത അറിയിക്കുന്ന ദൂതന്റെ കാലുകളാണെന്നു പാപ്പ വിശേഷിപ്പിക്കുന്നു.

യേശു സുവിശേഷ പ്രഘോഷണം ആരംഭിച്ച ഗലീലി കടലിനടുത്തുള്ള പ്രദേശം പല സംസ്‌കാരങ്ങളുടെ സംഗമ ഭൂമിയാണ്. അവിടുത്തെ നിവാസികളില്‍ കൂടുതലും വിജാതീയരാണ്. ഈ പ്രദേശം തന്റെ ആദ്യ പ്രഘോഷണത്തിന്റെ വേദിയായി യേശു തിരഞ്ഞെടുത്തതു കൊണ്ട് അവിടുത്തെ ശ്രവിക്കുന്നവര്‍ സ്വദേശികള്‍ മാത്രമായിരുന്നില്ല. അനേകര്‍ യേശുവിന്റെ ശ്രോതാക്കളായിരുന്നു, ഇസ്രായേലിലെ നീതിമാന്മാര്‍ മാത്രമായിരുന്നില്ല. ദൈവവചനം വിളംബരം ചെയ്യുന്നതിന്റെ അതിര്‍ത്തികള്‍ യേശു വിപുലീകരിക്കുന്നത് എങ്ങനെയെന്ന് ഇതിലൂടെ മനസിലാക്കാമെന്ന് മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടുന്നു.

'യേശു അകലെയായവരില്‍ എത്തിച്ചേരാന്‍ ആഗ്രഹിക്കുന്നു, രോഗികളെ സുഖപ്പെടുത്താനും പാപികളെ രക്ഷിക്കാനും ആഗ്രഹിക്കുന്നു. നഷ്ടപ്പെട്ട ആടുകളെ വീണ്ടെടുക്കാനും ഹൃദയം ക്ഷീണിച്ച, പീഡിതരായവരെ ഉയര്‍ത്താനും അവിടുന്ന് ആഗ്രഹിക്കുന്നു. ദൈവത്തിന്റെ കരുണ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്ന് നമ്മോട് പറയാന്‍ യേശു നമുക്കരികിലേക്ക് എത്തിച്ചേരുന്നു.

'ദൈവവചനത്തെ കേന്ദ്രസ്ഥാനത്ത് സ്ഥാപിക്കാനും, നമ്മുടെ അതിരുകള്‍ വിശാലമാക്കാനും ആളുകളോട് സ്വയം തുറക്കാനും ദൈവവുമായുള്ള കൂടിക്കാഴ്ചയുടെ അനുഭവങ്ങള്‍
പരിപോഷിപ്പിക്കാനും യേശുവില്‍ നിന്ന് നമുക്ക് പഠിക്കാം'. പാപ്പ തുടര്‍ന്നു

ദൈവവചനം എല്ലാവരേയും മാനസാന്തരത്തിലേക്കും നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുന്നതിലേക്കും ക്ഷണിക്കുന്നു. അവിടുത്തെ ജീവദായകമായ സന്ദേശം ശ്രവിച്ചതിനുശേഷം നമുക്ക് അതേപടി ജീവിതം തുടരാന്‍ കഴിയില്ല. വചനത്തിന് നമ്മെ പ്രതിസന്ധിയിലാക്കാന്‍ പോലും കഴിയും. അത് എങ്ങനെയാണെന്നാല്‍, നന്മയുടെ വെളിച്ചം കാണാനും നമ്മുടെ ജീവിതത്തില്‍ അതിന് എങ്ങനെ ഇടം നല്‍കാമെന്നും തിരിച്ചറിയാന്‍ ദൈവവചനം നമ്മെ സഹായിക്കുന്നു. ദുഷ്പ്രവൃത്തികളുടെയും പാപങ്ങളുടെ ആന്തരിക അന്ധകാരത്തിനെതിരെയും പോരാടാനും നമുക്കു കഴിയുന്നു.

വചനം നമ്മില്‍ പ്രവേശിക്കുമ്പോള്‍ അത് ഹൃദയങ്ങളെയും മനസിനെയും രൂപാന്തരപ്പെടുത്തുകയും നമ്മുടെ ജീവിതത്തെ കര്‍ത്താവിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതാ യേശു ക്ഷണിക്കുന്നു, ദൈവം നിങ്ങുടെ അടുത്ത് വന്നിരിക്കുന്നു; അവിടുത്തെ സാന്നിധ്യം തിരിച്ചറിയുക, അവിടുത്തെ വചനത്തിന് ഇടം നല്‍കുക, അതിലൂടെ ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണം മാറ്റാന്‍ കഴിയുന്നു.

നമ്മുടെ സ്വന്തം അഭിരുചികള്‍ക്കും മുന്‍ഗണനകള്‍ക്കും കീഴിലല്ല, മറിച്ച് നമ്മെ രൂപപ്പെടുത്തുകയും നമ്മുടെ ജീവിതത്തെ മാറ്റുകയും ഐക്യത്തിലേക്ക് വിളിക്കുകയും ചെയ്യുന്ന ദൈവവചനത്തിന്‍ കീഴിലാണ് നമ്മുടെ ജീവിതം കെട്ടിപ്പടുക്കേണ്ടതെന്ന് പാപ്പാ പറഞ്ഞു.

യേശു, ഗലീലിക്കടലിന്റെ തീരത്തുകൂടി നടക്കുമ്പോള്‍, ശിമോനെയും അന്ത്രയോസിനെയും തന്റെ ശിഷ്യന്മാരാക്കാനും തന്നെ അനുഗമിക്കാനും മനുഷ്യരെ പിടിക്കുന്നവരാക്കാനും ക്ഷണിക്കുന്നു. അതുപോലെ സുവിശേഷത്തിന്റെ സന്തോഷം പ്രഘോഷിക്കുന്നതിനായി നമ്മുടെ സഹോദരീസഹോദരന്മാരെ കാണാന്‍ നാമും വിളിക്കപ്പെട്ടിരിക്കുന്നു.

'വചനം പിതാവിന്റെ സ്‌നേഹ 'വല'യിലേക്ക് നമ്മെ ആകര്‍ഷിക്കുകയും നാം കണ്ടുമുട്ടുന്ന എല്ലാവരെയും സ്വര്‍ഗരാജ്യത്തിലേക്ക് കൊണ്ടുവരാനുള്ള അടങ്ങാത്ത ആഗ്രഹത്താല്‍ നമ്മെ അപ്പോസ്തലന്മാരാക്കുകയും ചെയ്യുന്നു.'

സന്ദേശത്തിന്റെ സമാപനത്തില്‍, ദൈവവചനം തങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കി പ്രഘോഷിക്കുന്ന എല്ലാവരോടും പാപ്പാ തന്റെ അഗാധമായ നന്ദി രേഖപ്പെടുത്തി. വചനത്തെക്കുറിച്ചുള്ള അറിവ് ആഴത്തിലാക്കുന്നവര്‍ക്കും വചനം പ്രചരിപ്പിക്കുന്ന അജപാലന ശുശ്രൂഷകര്‍ക്കും, ഈ ഞായറാഴ്ചയിലെ ആരാധനക്രമത്തില്‍ ശുശ്രൂഷകള്‍ നല്‍കിയവര്‍ക്കും പാപ്പ ആദരവ് അര്‍പ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.