കലിഫോർണിയ: അമേരിക്കയിൽ മൂന്നിടങ്ങളിലായുണ്ടായ വെടിവെയ്പ്പിൽ രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അയോവയിലെ സ്കൂളിലുണ്ടായ വെടിവെയ്പ്പിപ്പിലാണ് രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടത്. ഒരു സ്കൂൾ ജീവനക്കാരനും ഗുരുതരമായി പരുക്കേട്ടിട്ടുണ്ട്. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ലോവയിലെ ഡെസ് മോയ്‌നസിലെ യൂത്ത് ഔട്ട്‌റീച്ച് സെന്ററിൽ ഇന്ത്യൻ സമയം പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കാറിലെത്തിയ അക്രമി സംഘമാണ് വെടിയുതിർത്തത്. യുവജനങ്ങൾക്കായുള്ള പരിപാടിക്കിടെയായിരുന്നു വെടിവെയ്പ്പ്. 16, 18 വയസ്സുകാരായ വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്.
മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ലെന്ന് ഡെസ് മോയ്നസ് പൊലീസ് അറിയിച്ചു. വെടിവെയ്പ്പിനു ശേഷം കാറിൽ രക്ഷപ്പെട്ട അക്രമിസംഘത്തിലെ മൂന്ന് പേരെ പൊലീസ് പിടികൂടി. ആക്രമണം ആസൂത്രിതമാണെന്ന് പൊലീസ് സൂചിപ്പിച്ചു.
കൂടാതെ കലിഫോർണിയയിൽ ഹാഫ് മൂൺ ബേയിലെ രണ്ടിടങ്ങളിലായി ഉണ്ടായ വെടിവെയ്പിൽ 7 പേർ മരിച്ചു. മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. കാലിഫോർണിയയിൽ നിന്നും 28 മൈൽ അകലെയാണ് വെടിവെയ്പുണ്ടായിട്ടുള്ളത്. മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ കൂട്ട വെടിവെയ്പ്പാണ് ഈ സംഭവമെന്ന് അധികൃതർ പറഞ്ഞു.
ഉച്ചകഴിഞ്ഞ് 2:22 ന് സാൻ മാറ്റിയോ കൗണ്ടിയിലെ രണ്ടിടങ്ങളിലായി വെടിവെയ്പ്പ് ഉണ്ടായതായി അധികൃതർക്ക് അറിയിപ്പ് ലഭിച്ചുവെന്നും സംഭവസ്ഥലത്ത് എത്തിയപ്പോൾ ഏഴു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയെന്നും സാൻ മാറ്റിയോ കൗണ്ടി ഷെരീഫ് ക്രിസ്റ്റീന കോർപസ് പറഞ്ഞു പറഞ്ഞു.
കൂൺ ഫാമിലും ഫാമിൽ നിന്ന് ഏകദേശം രണ്ട് മൈൽ അകലെയുള്ള ട്രക്കിംഗ് സ്ഥലത്തുമാണ് വെടിവെയ്പ്പ് ഉണ്ടായത്. ഹാഫ് മൂൺ ബേയിൽ വെടിവയ്പ്പ് നടന്ന് രണ്ട് മണിക്കൂറിലധികം കഴിഞ്ഞാണ് 67 കാരനായ ചുൻലി ഷാവോയെ കസ്റ്റഡിയിലെടുത്തതെന്ന് കോർപസ് പറഞ്ഞു. ഫാമിലെ ജോലിക്കാരനായ ഷാവോ ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നും അധികൃതർ കരുതുന്നു.
ഹാഫ് മൂണ്‍ ബേ സബ്‌സ്റ്റേഷനിലെ പാര്‍ക്കിങ് സ്ഥലത്ത് സ്വന്തം വാഹനത്തിലിരിക്കുമ്പോഴാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ കാറില്‍ നിന്ന് ആയുധം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ആക്രമണത്തിനുള്ള കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
അതിനിടെ ചിക്കാഗോയില്‍ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അക്രമികൾ വീട്ടിലേക്ക് അതിക്രമിച്ച് കയറി വെടിയുതിര്‍ക്കുകയായിരുന്നു. പ്രതികളെന്ന് സംശയിക്കുന്ന പലയാളുകള്‍ ഇവിടെ നിന്ന് രക്ഷപ്പെട്ടതായാണ് പോലീസ് അറിയിക്കുന്നത്. എന്നാൽ സംഭവത്തില്‍ ആരേയും ഇതുവരെ കസ്റ്റഡിയില്‍ എടുക്കാന്‍ സാധിച്ചിട്ടില്ല.
വാരാന്ത്യത്തിൽ മോണ്ടെറി പാർക്കിൽ നടന്ന വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ ദാരുണ സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം മാത്രം അമേരിക്കയിൽ 647 കൂട്ട വെടിവെയ്പ്പാണുണ്ടായത്. 2020 ൽ 45,222 പേർ അമേരിക്കയിൽ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.