ന്യൂയോർക്ക്: ട്രംപ്-റഷ്യ അന്വേഷണത്തിന് നേതൃത്വം നൽകിയ മുതിർന്ന മുൻ എഫ്ബിഐ കൗണ്ടർ ഇന്റലിജൻസ് ഉദ്യോഗസ്ഥനെ 2014 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ക്രിമിയ പിടിച്ചെടുക്കാൻ ഉക്രെയ്നിൽ റഷ്യ ആരംഭിച്ച യുദ്ധത്തിനിടയിൽ റഷ്യൻ പ്രഭുവിനായി പ്രവർത്തിച്ചുവെന്ന ആരോപണത്തെ തുടർന്ന് അറസ്റ്റ് ചെയ്തു.
2018 ൽ വിരമിച്ച ന്യൂയോർക്കിലെ എഫ്ബിഐയുടെ കൗണ്ടർ ഇന്റലിജൻസ് ഡിവിഷന്റെ ചുമതലയുണ്ടായിരുന്ന പ്രത്യേക ഏജന്റ് ചാൾസ് മക്‌ഗോണിഗലിനെയാണ് അറസ്റ്റ് ചെയ്തത്. റഷ്യൻ പ്രഭുക്കന്മാരിൽ ഒരാളായ ഒലെഗ് ഡെറിപാസ്കയ്ക്ക് സേവനങ്ങൾ നൽകാമെന്ന് സമ്മതിച്ചുകൊണ്ട് അമേരിക്കൻ ഉപരോധം ലംഘിച്ചുവെന്ന കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

റഷ്യൻ കോടീശ്വരനും വ്യവസായിയുമായ ഒലെഗ് ഡെറിപാസ്ക
മുൻ സോവിയറ്റ്, റഷ്യൻ നയതന്ത്രജ്ഞനായ സെർജി ഷെസ്റ്റാക്കോവിനൊപ്പം കുറ്റാരോപിതനായ മക്‌ഗോണിഗലിനെതിരെ മാൻഹട്ടൻ ഫെഡറൽ കോടതിയിൽ അഞ്ച് കുറ്റപത്രങ്ങളാണ് സമർപ്പിച്ചിട്ടുള്ളത്.
മക്‌ഗോണിഗൽ, ഷെസ്റ്റാകോവ് എന്നിവരെ ശനിയാഴ്ച അറസ്റ്റ് ചെയ്യൂവെങ്കിലും വൈകിയാണ് വിവരം പുറത്ത് വിട്ടത്. മുതിർന്ന മുൻ എഫ്ബിഐ ഉദ്യോഗസ്ഥനെതിരെ ഫെഡറൽ ഗ്രാൻഡ് ജൂറിക്ക് മുന്നിൽ കുറ്റം ചുമത്താനുള്ള ഫെഡറൽ പ്രോസിക്യൂട്ടർമാരുടെ അപൂർവ നീക്കമാണ് കുറ്റപത്രം.
കുറ്റപത്രത്തിൽ പരാമർശിച്ചിട്ടില്ലെങ്കിലും വാഷിംഗ്ടൺ ഡിസിയിലെ എഫ്ബിഐ ആസ്ഥാനത്ത് സൈബർ ക്രൈം വിഭാഗം മേധാവിയായി സേവനമനുഷ്ഠിക്കുമ്പോൾ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രചാരണ ഉപദേഷ്ടാവായ ജോർജ്ജ് പാപഡോ പൗലോസിനെക്കുറിച്ചുള്ള ആരോപണങ്ങളെക്കുറിച്ച് ആദ്യം അറിഞ്ഞ ബ്യൂറോ ഉദ്യോഗസ്ഥരിൽ ഒരാളാണ് മക്‌ഗോണിഗൽ.

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
പിന്നീട് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിൽ പാപഡോ പൗലോസിന് വാഷിങ്ടണ്‍ ഡിസി കോടതി ശിക്ഷ വിധിച്ചിരുന്നു.
ന്യൂയോർക്ക് സിറ്റിയിൽ താമസമാക്കിയ 54 കാരനായ മക്‌ഗോണിഗലും കണക്റ്റിക്കട്ടിലെ മോറിസ് സ്വദേശിയായും 69 കാരനുമായ ഷെസ്‌റ്റാക്കോവും മുമ്പ് ഡെറിപാസ്കയുമായി ചേർന്ന് അമേരിക്കൻ ഉപരോധം നീക്കാൻ ശ്രമിച്ചതായി ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റിന്റെ അമേരിക്കൻ അറ്റോർണി ഡാമിയൻ വില്യംസ് പ്രസ്താവനയിൽ പറഞ്ഞു.
പൊതുപ്രവർത്തകർ എന്ന നിലയിൽ അവർക്ക് ഉപരോധത്തെക്കുറിച്ച് വ്യക്തമായി അറിയേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന് മറുപടിയായി നടപ്പാക്കിയ അമേരിക്കൻ ഉപരോധം ലംഘിക്കുന്നവരെ നിയമപരമായി ശിക്ഷിക്കുന്നത് തുടരുമെന്നും വില്യംസ് കൂട്ടിച്ചേർത്തു.
ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്റ്റ് (ഐഇഇപിഎ) ലംഘിച്ച് അമേരിക്കൻ ഉപരോധം മറികടക്കുന്നതിനും ഒഴിവാക്കുന്നതിനും ഗൂഢാലോചന നടത്തിയതിനും ഒപ്പം കള്ളപ്പണം വെളുപ്പിക്കലിനെതിരെയും ഇരുവർക്കുമെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

ഓരോന്നിനും പരമാവധി 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. ഇത് കൂടാതെ തെറ്റായ പ്രസ്താവനകൾ നടത്തിയതിന് ഷെസ്റ്റാകോവിനെതിരെ ഒരു കുറ്റം ചുമത്തിയിട്ടുണ്ട്. ഇതിന് പരമാവധി അഞ്ച് വർഷം തടവ് ശിക്ഷ ലഭിക്കുമെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.
അമേരിക്കയെയും ഞങ്ങളുടെ സഖ്യകക്ഷികളെയും സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത സാമ്പത്തിക ഉപരോധങ്ങൾ നടപ്പിലാക്കാൻ എഫ്ബിഐ പ്രതിജ്ഞാബദ്ധമാണെന്ന് എഫ്ബിഐ അസിസ്റ്റന്റ് ഡയറക്ടർ ഇൻ ചാർജ് മൈക്കൽ ജെ ഡ്രിസ്കോൾ പറഞ്ഞു.
"ഒലെഗ് ഡെറിപാസ്കയെപ്പോലുള്ള റഷ്യൻ പ്രഭുക്കന്മാർ ആ രാജ്യത്തിന് വേണ്ടി ആഗോള തലത്തിൽ ആപത്കരമായ നീക്കങ്ങൾ നടത്തുന്നു. കൈക്കൂലി, കൊള്ളയടിക്കൽ, അക്രമം ഉൾപ്പെടെയുള്ള വഴികളിലൂടെയാണ് ഇവർ പ്രവർത്തിക്കുന്നതെന്നും ഡ്രിസ്കോൾ വ്യക്തമാക്കി.
ഉപരോധം ഏർപ്പെടുത്തിയ ശേഷം അത് വിജയിക്കുന്നതിന് എല്ലാ അമേരിക്കൻ പൗരന്മാർക്കെതിരെയും നിയമം തുല്യമായി നടപ്പാക്കണം. മക്‌ഗോണിഗലിനെപ്പോലുള്ള ഒരു മുൻ എഫ്‌ബിഐ ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആർക്കും വിട്ടുവീഴ്ചയില്ല. അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ഭീഷണിയായി തുടരുന്നവരെ പിന്തുണയ്ക്കുന്നത് എഫ്‌ബിഐ ആക്രമണാത്മകമായി കാണുന്ന കുറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
