ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം: തിരുവനന്തപുരത്ത് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ സംഘര്‍ഷം, അറസ്റ്റ്

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം: തിരുവനന്തപുരത്ത് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ സംഘര്‍ഷം, അറസ്റ്റ്

തിരുവനന്തപുരം: ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള യുവജന സംഘടനകളുടെ തീരുമാനത്തിനെതിരെ തിരുവനന്തപുരത്ത് യുവമോര്‍ച്ച നടത്തിയ പ്രതിഷേധ പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായതിടെ തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നടത്തിയിരുന്നു. അടച്ചിട്ട മുറികളിലും ക്ലാസ് മുറികളിലുമായിരുന്നു പ്രദര്‍ശനം. തിരുവനന്തപുരത്ത് വൈകുന്നേരം പൊതുപരിപാടിയായി മാനവീയം വീഥിയില്‍ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. പ്രദര്‍ശനം ആരംഭിച്ചപ്പോള്‍ തന്നെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി.

ഇത് പോലീസ് തടഞ്ഞതിന് തൊട്ടുപിന്നാലെ ഡോക്യുമെന്ററി കണ്ടുകൊണ്ടിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യുവമോര്‍ച്ച പ്രകടനത്തിന് നേരെ പാഞ്ഞടുത്തു. ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുന്ന തലത്തിലേക്ക് സംഭവം നീങ്ങിയപ്പോള്‍ പോലീസ് യുവമോര്‍ച്ച നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി.

അതേസമയം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിനകത്ത് ഡോക്യുമെന്ററി പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ചിരുന്നു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ മാങ്ങാട്ട്പറമ്പ് ക്യാമ്പസിലെ സെമിനാര്‍ ഹാളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനായിരുന്നു എസ്.എഫ്.ഐ. തീരുമാനം. അനുമതി നിഷേധിച്ചതിന് പിന്നാലെ എംസിജെയുടെ സെമിനാര്‍ ഹാളിന് പുറത്തുള്ള വരാന്തയിലായിരുന്നു പ്രദര്‍ശനം നടന്നത്.

കാസര്‍കോട് കേന്ദ്ര സര്‍വകലാശാല ക്യാമ്പസിനകത്തും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചിട്ടുണ്ട്. ക്യാമ്പസിനകത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനാകില്ലെന്ന് വൈസ് ചാന്‍സലര്‍ എസ്എഫ്‌ഐ. പ്രവര്‍ത്തകരെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പസിന് വെളിയില്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം.

സംസ്ഥാന വ്യാപകമായി മോഡിക്കെതിരേയുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. വിവിധയിടങ്ങളില്‍ ഇതിനകം തന്നെ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.