ഇടുക്കി: നെടുങ്കണ്ടത്ത് പോക്‌സോ കേസ് പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ട സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. പ്രതിക്ക് എസ്‌കോര്‍ട്ട് പോയ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഷാനു എം. വാഹിദ്, ഷമീര്‍ എന്നിവരെയാണ് അന്വേഷണ വിധേമായി സസ്‌പെന്‍ഡ് ചെയ്തത്.
നെടുങ്കണ്ടം എസ്എച്ച്ഒയ്‌ക്കെതിരെയും വകുപ്പ് തല നടപടി ഉണ്ടായേക്കും. അതേസമയം കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിയെ ഒരു ദിവസം കഴിഞ്ഞിട്ടും പിടികൂടാനായില്ല. ആവശ്യത്തിന് പോലീസുകാരില്ലാതെ പ്രതികളെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടു പോയതാണ് ഇയാള്‍ രക്ഷപെടാന്‍ കാരണമായത്.
ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതിയായ അച്ഛനാണ് പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്. തിങ്കളാഴ്ച്ച രാത്രി ഏഴേ മുക്കാലോടെയാണ് സംഭവം. നെടുങ്കണ്ടത്തിനു സമീപം താന്നിമൂട്, പത്തിനിപ്പാറ, അമ്മഞ്ചേരിപ്പടി എന്നിവിടങ്ങളില്‍ വച്ച് ഇയാളെ ആളുകള്‍ കണ്ടതായി പൊലീസിനെ അറിയിച്ചിരുന്നു.
രണ്ടു തവണ തെരച്ചില്‍ സംഘത്തിനു മുന്നിലെത്തിയ പ്രതി ഓടി രക്ഷപെട്ടു. പൊലീസ് പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. പ്രദേശത്ത് രാവിലെ മുതല്‍ വന്‍ പൊലീസ് സംഘമാണ് തെരച്ചില്‍ നടത്തുന്നത്. നാട്ടുകാരും സഹായത്തിനുണ്ട്. ഏലത്തോട്ടവും കുരുമുളക് കൃഷിയുമുള്ള സ്ഥലത്ത് ഇയാള്‍ ഒളിച്ചിരിപ്പുണ്ടോയെന്ന് കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിച്ചും പൊലീസ് പരിശോധിച്ചു.
രണ്ടു പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുമ്പോള്‍ അഞ്ചു പൊലീസുകാരെങ്കിലും ഉണ്ടാകേണ്ടതാണ്. എന്നാല്‍ രണ്ടു പേര്‍ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ഇവരെ മജിസ്‌ട്രേറ്റിന്റെ വീടിനു മുന്നില്‍ ഇറക്കിയ ശേഷം വാഹനം തിരികെപ്പോരുകയും ചെയ്തു. റിമാന്‍ഡ് ചെയ്ത പ്രതികളെ ഏറ്റുവാങ്ങുന്നതിനുള്ള പേപ്പറില്‍ ഒപ്പു വയ്ക്കാന്‍ പൊലീസുകാരിലൊരാള്‍ കയറുന്നതിനിടെയാണ് പ്രതി മതില്‍ ചാടി രക്ഷപെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.