'കോണ്‍ഗ്രസ് വിടില്ല, രാജി സംസ്‌കാര ശൂന്യമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍': അനില്‍ ആന്റണി

'കോണ്‍ഗ്രസ് വിടില്ല, രാജി സംസ്‌കാര ശൂന്യമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍': അനില്‍ ആന്റണി

ന്യൂഡല്‍ഹി: എ.ഐ.സി.സി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പദവികളില്‍ നിന്ന് രാജിവച്ചെങ്കിലും കോണ്‍ഗ്രസ് വിടില്ലെന്ന് വ്യക്തമാക്കി അനില്‍ ആന്റണി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി തയ്യാറാക്കിയ 'ഇന്ത്യ: ദ മോഡി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററിയെ എതിര്‍ത്തതിന് അനില്‍ വിമര്‍ശനം നേരിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് രാജി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനാണ് അനില്‍ ആന്റണി.

കഴിഞ്ഞ 24 മണിക്കൂറായി സംഭവിച്ചുകൊണ്ടിരിക്കുന്നത് വളരെ വേദനാജനകമായ കാര്യങ്ങളാണ്. ഈ സാഹചര്യത്തില്‍ രാജി വയ്ക്കുന്നതാണ് തനിക്കും പാര്‍ട്ടിക്കും നല്ലതെന്ന് തോന്നി. വ്യക്തിപരമായി ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അനില്‍ വ്യക്തമാക്കി.

2017 ല്‍ ഗുജറാത്തിലാണ് താന്‍ ആദ്യമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത്. ശശിതരൂരിന്റെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും നിര്‍ബന്ധം കൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിച്ചത്. അന്ന് നല്ലൊരു ടീം ഉണ്ടാക്കിയിരുന്നുവെന്നും അനില്‍ ആന്റണി പറയുന്നു. എന്നാല്‍ ഇന്ന് കോണ്‍ഗ്രസ് ഇങ്ങനെയൊരു രീതിയിലേയ്ക്ക് അധപതിച്ച് പോയതില്‍ ഒരുപാട് വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്കെതിരായി ഒന്നും തന്നെ തന്റെ ട്വീറ്റില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പലരും വിളിച്ച് ട്വീറ്റ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. അത് സാധ്യമല്ലെന്ന് പറഞ്ഞപ്പോള്‍ രാത്രി മുതല്‍ അസഭ്യങ്ങളാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പലരും വന്ന് പറഞ്ഞതെന്നും അനില്‍ ആന്റണി വ്യക്തമാക്കി.

അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും വളരെ കാലമായി പ്രവര്‍ത്തിച്ചു വരുന്ന വ്യക്തിയാണ്. അങ്ങനെയുള്ള തനിക്ക് ഇത്തരം സംസ്‌കാര ശൂന്യമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതുകാരണമാണ് രാജിവച്ചത്. പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും അനില്‍ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം അനില്‍ ആന്റണിയുടെ രാജിയില്‍ പ്രതികരിക്കാനില്ലെന്നാണ് പിതാവ് എ.കെ ആന്റണി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.