കൊച്ചി: ട്രാവല്‍ ഓഫീസില്‍ ജീവനക്കാരിക്ക് നേരെയുണ്ടായത് മൃഗീയമായ അക്രമമെന്ന് റിപ്പോര്‍ട്ട്. കഴുത്ത് മുറിഞ്ഞ് ചോര വാര്‍ന്ന യുവതിയെ അക്രമി ബന്ദിയാക്കി. മരണവെപ്രാളത്തില്‍ പുറത്തേക്കോടിയ യുവതിയെ പ്രതി കസേരയില്‍ പിടിച്ചിരുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
യുവതിയെ ആക്രമിക്കാന്‍ ഉപയോഗിച്ച കത്തികളില്‍ ഒന്ന് രണ്ടായി ഒടിഞ്ഞിരുന്നു. കഴുത്ത് മുറിഞ്ഞ് ശബ്ദം നിലച്ച യുവതി പ്രതിയുടെ പിന്നീടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി എഴുതിയാണ് നല്‍കിയത്. ഉത്തരങ്ങള്‍ എഴുതി നല്‍കിയ ചോരപ്പാടുള്ള പേപ്പറുകള്‍ തെളിവെടുപ്പിനിടെ പൊലീസ് കണ്ടെടുത്തിരുന്നു. ആസൂത്രണം ചെയ്താണ് പ്രതിയായ ജോളി ജെയ്‌സണ്‍ എല്ലാം ചെയ്തതെന്ന് എ.സി.പി പി. രാജ്കുമാര്‍ പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. ലിത്വാനിയന്‍ വിസയ്ക്കായി നല്‍കിയ ഒന്നര ലക്ഷം രൂപ തിരികെ നല്‍കാത്തതിന്റെ വൈരാഗ്യത്തിലാണ് എറണാകുളം രവിപുരത്തുള്ള റൈസ് ട്രാവല്‍ ഏജന്‍സിയില്‍ 46 കാരനായ പ്രതി ജോളി ജെയ്സണ്‍ എത്തിയത്. സ്ഥാപന ഉടമ ആലുവ തായിക്കാട്ടുകര സ്വദേശി മുഹമ്മദ് അലിയെ ലക്ഷ്യമിട്ടാണ് ഇയാള്‍ എത്തിയത്. എന്നാല്‍ മുഹമ്മദ് ഈ സമയം ഓഫീസിലുണ്ടായിരുന്നില്ല. തുടര്‍ന്ന് ജീവനക്കാരി ഇടുക്കി തൊടുപുഴ സ്വദേശി സൂര്യ (25) യെ ആക്രമിക്കുകയായിരുന്നു.
കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റ സൂര്യ തൊട്ടുമുന്നിലെ ഹോട്ടലിലേക്ക് ഓടിക്കയറി. നാടോടി സ്ത്രീകള്‍ തമ്മിലുണ്ടായ അടിപിടിയില്‍ പരിക്കേറ്റതാണെന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ ആദ്യം കരുതിയത്. ഇതുവഴി പോയ സൗത്ത് പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സംഭവം ശ്രദ്ധിച്ചതാണ് യുവതിക്ക് രക്ഷയായത്. പൊലീസ് ജീപ്പില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ജോളിയെ ഹോട്ടല്‍ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പൊലീസിന് കൈമാറുകയായിരുന്നു.
എന്നാല്‍ ജോളിക്ക് പണം നല്‍കാനില്ലെന്നും വിസ വന്നിട്ടും ഇയാള്‍ പോകാതിരുന്നതാണെന്നും റൈസ് ഉടമ മുഹമ്മദ് അലി പൊലീസിന് നല്‍കിയ മൊഴി. സ്ഥാപനം ലൈസന്‍സോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.