കിഴക്കന്‍ ലഡാക്കിലെ 26 പട്രോളിങ് പോയിന്റുകളുടെ നിയന്ത്രണം ഇന്ത്യയ്ക്ക് നഷ്ടമായി; പ്രതികരിക്കാതെ കേന്ദ്ര സര്‍ക്കാര്‍

കിഴക്കന്‍ ലഡാക്കിലെ 26 പട്രോളിങ് പോയിന്റുകളുടെ നിയന്ത്രണം ഇന്ത്യയ്ക്ക് നഷ്ടമായി; പ്രതികരിക്കാതെ കേന്ദ്ര സര്‍ക്കാര്‍

അഞ്ച് മുതല്‍ 17 വരെയും 24 മുതല്‍ 32 വരെയുമുള്ള പട്രോളിങ് പോയന്റുകളുടെയും 37-ാം നമ്പര്‍ പട്രോളിങ് പോയന്റിന്റെയും നിയന്ത്രണമാണ് നഷ്ടപ്പെട്ടത്.

ന്യൂഡല്‍ഹി: ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ ലഡാക്ക് മേഖലയിലെ ഇന്ത്യയുടെ 65 പട്രോളിങ് പോയന്റുകളില്‍ 26 എണ്ണത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്.

ലേയിലെ പോലീസ് ഉദ്യോഗസ്ഥ പി.ഡി നിത്യയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതിര്‍ത്തിയില്‍ ചൈനയുമായി തുടരുന്ന സംഘര്‍ഷത്തിനിടെയാണ് പട്രോളിങ് പോയിന്റിന്റെ നിയന്ത്രണം കൂടി നഷ്ടപ്പെട്ടെന്ന വിവരം പുറത്തു വരുന്നത്.

കാരക്കോറം പാസ് മുതല്‍ ചുമുര്‍ വരെ ദിവസവും ഇന്ത്യന്‍ സുരക്ഷാ സേന പട്രോളിങ് നടത്തേണ്ട 65 പോയിന്റുകളാണ് നിലവിലുള്ളത്. ഇതില്‍ 26 എണ്ണത്തിന്റെ നിയന്ത്രണം സുരക്ഷാ സേന പട്രോളിങ് നടത്താത്തതു കൊണ്ടോ, മറ്റു പരിമിതികള്‍ മൂലമോ നഷ്ടപ്പെട്ടു.

അഞ്ച് മുതല്‍ 17 വരെയും 24 മുതല്‍ 32 വരെയുമുള്ള പട്രോളിങ് പോയന്റുകളുടെയും 37-ാം നമ്പര്‍ പട്രോളിങ് പോയന്റിന്റെയും നിയന്ത്രണമാണ് നഷ്ടപ്പെട്ടത്.

കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ വിവരങ്ങളാണ് പുറത്തു വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ ഈ യോഗത്തില്‍ സംബന്ധിച്ചിരുന്നു.

ഇന്ത്യന്‍ സേനയുടെ സാന്നിധ്യം കാണാത്തതിനെ തുടര്‍ന്നാണ് ഈ മേഖലകളില്‍ ചൈനീസ് സംഘം എത്തിയത്. ബഫര്‍ സോണില്‍ പോലും ഇന്ത്യന്‍ പട്രോളിങ് ചൈന എതിര്‍ക്കുന്നുണ്ടെന്നും അത് അവരുടെ സ്ഥലമാണെന്ന് അവകാശപ്പെടുന്നതിനൊപ്പം ഇന്ത്യയുടെ പിന്‍വാങ്ങല്‍ ഉറപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമാന തന്ത്രം തന്നെയാണ് ഗാല്‍വനിലും ചൈനീസ് സേന പ്രയോഗിച്ചത്. പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.