'ഒരാള്‍ രാജ്യത്തെ ഒന്നിപ്പിക്കാന്‍ ജോഡോ യാത്രയില്‍; മറ്റെയാള്‍ പാര്‍ട്ടിയോടുള്ള കടമ മറന്നു': രണ്ട് മുഖ്യമന്ത്രിമാരുടെ മക്കളുടെ 'കഥ' പറഞ് ജയറാം രമേശ്

 'ഒരാള്‍ രാജ്യത്തെ ഒന്നിപ്പിക്കാന്‍ ജോഡോ യാത്രയില്‍; മറ്റെയാള്‍ പാര്‍ട്ടിയോടുള്ള കടമ മറന്നു': രണ്ട്  മുഖ്യമന്ത്രിമാരുടെ മക്കളുടെ 'കഥ' പറഞ് ജയറാം രമേശ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിക്കുന്ന ബിബിസിയുടെ 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ കടന്നാക്രമണമാണെന്ന് ട്വീറ്റ് ചെയ്ത് വിവാദത്തിലാകുകയും കോണ്‍ഗ്രസിലെ പദവികള്‍ രാജി വെക്കുകയും ചെയ്ത അനില്‍ കെ. ആന്റണിയെ പരോക്ഷമായി വിമര്‍ശിച്ചും ചാണ്ടി ഉമ്മനെ പുകഴ്ത്തിയും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ ട്വീറ്റ്.

കോണ്‍ഗ്രസിലെ പദവികള്‍ അനില്‍ ആന്റണി രാജിവെച്ചതിന് പിന്നാലെയാണ് ഒരേ സംസ്ഥാനത്ത് നിന്നുള്ള രണ്ട് മുഖ്യമന്ത്രിമാരുടെ രണ്ട് ആണ്‍മക്കളുടെ കഥ എന്നു പറഞ്ഞ് എ.കെ ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണിയെയും ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെയും ജയറാം രമേശ് പരാമര്‍ശിച്ചത്.

'ഒരേ സംസ്ഥാനത്ത് നിന്നുള്ള രണ്ട് മുഖ്യമന്ത്രിമാരുടെ രണ്ട് ആണ്‍മക്കളുടെ കഥ. ഒരാള്‍ രാജ്യത്തെ ഒന്നിപ്പിക്കാന്‍ ഭാരത് ജോഡോ യാത്രയില്‍ നഗ്‌നപാദനായി അക്ഷീണം നടക്കുന്നു. മറ്റെയാള്‍ പാര്‍ട്ടിയോടും യാത്രയോടുമുള്ള കടമകള്‍ മറന്നു'- എന്നാണ് ജയറാം രമേശ് ട്വീറ്റ് ചെയ്തത്.

ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോഡിയുടെ നിലപാടുകള്‍ ചോദ്യം ചെയ്ത ഡോക്യുമെന്ററിയെ അനില്‍ ആന്റണി ഇന്നലെ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തിന് എതിരായ കടന്നാക്രമണമാണ് ഡോക്യുമെന്ററിയെന്നാണ് അനില്‍ ആന്റണി ട്വീറ്റ് ചെയ്തത്. രാജ്യതാല്‍പര്യമാണ് പാര്‍ട്ടി താല്‍പര്യത്തേക്കാള്‍ വലുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അനിലിന്റെ ട്വീറ്റിനെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.

ഇതോടെ അനില്‍ കെ. ആന്റണി ട്വിറ്ററിലൂടെ തന്നെ കോണ്‍ഗ്രസ് പദവികളില്‍ നിന്നുള്ള രാജി പ്രഖ്യാപനവും നടത്തി. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍, സമൂഹ മാധ്യമങ്ങളുടെയും ഡിജിറ്റല്‍ മീഡിയയുടെയും ദേശീയ കോഓഡിനേറ്റര്‍ പദവി എന്നിവയാണ് ഒഴിഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.