വയോധികയെ കബളിപ്പിച്ച് സ്വത്തും സ്വര്‍ണവും തട്ടിയ സംഭവം; സിപിഎം നഗരസഭാ കൗണ്‍സിലറെ സസ്‌പെന്റ് ചെയ്തു

വയോധികയെ കബളിപ്പിച്ച് സ്വത്തും സ്വര്‍ണവും തട്ടിയ സംഭവം; സിപിഎം നഗരസഭാ കൗണ്‍സിലറെ സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: വയോധികയെ കബളിപ്പിച്ച് സ്വര്‍ണവും സ്വത്തും കൈക്കലാക്കിയ സംഭവത്തില്‍ സിപിഎം നഗരസഭാ കൗണ്‍സിലറെ സസ്‌പെന്റ് ചെയ്ത് പാര്‍ട്ടി. നെയ്യാറ്റിന്‍കര നഗരസഭയിലെ തവരവിള വാര്‍ഡ് കൗണ്‍സിലറായ സുജിനെയാണ് സസ്പെന്റ് ചെയ്തത്.

നെയ്യാറ്റിന്‍കരയില്‍ തനിച്ച് താമസിക്കുന്ന വയോധികയാണ് കബളിപ്പിക്കപ്പെട്ടത്. ഇവരുടെ പന്ത്രണ്ടര സെന്റ് ഭൂമിയും 17 പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയുമാണ് സുജിനും ഭാര്യയും ചേര്‍ന്ന് തട്ടിയെടുത്തത്.

സുജിനെ സസ്‌പെന്റ് ചെയ്യാന്‍ നെയ്യാറ്റിന്‍കര സിപിഎം ഏരിയാ കമ്മറ്റി യോഗമാണ് തീരുമാനമെടുത്തത്. കേസില്‍ സുജിനും ഭാര്യയ്ക്കുമെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

സംരക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് ബേബിയെന്ന വയോധികയുടെ വീട്ടില്‍ കുടുംബത്തോടെ താമസിച്ച് തട്ടിപ്പ് നടത്തിയതായാണ് പരാതി. അച്ഛനമ്മമാരുടേയും സഹോദരങ്ങളുടേയും മരണത്തോടെയാണ് ബേബി ഒറ്റയ്ക്കായത്. അവിവാഹിതയാണ് ഇവര്‍. 78 വയസുണ്ട്.

മാരായമുട്ടം പൊലീസ് പരിധിയില്‍ ഒറ്റയ്ക്കാണ് ഇവര്‍ താമസിച്ചിരുന്നത്. 2021 ഫെബ്രുവരിയിലാണ് ഭാര്യയ്ക്കും കുട്ടിക്കും ഭാര്യയുടെ അച്ഛനും അമ്മയ്ക്കുമൊപ്പം സുജിന്‍ ഈ വീട്ടില്‍ താമസം തുടങ്ങിയത്.

അലമാരയില്‍ സൂക്ഷിച്ച മാലയും വളയും കമ്മലുമെല്ലാം സുജിന്റെ ഭാര്യ ഗീതു ഉപയോഗിച്ചുവെന്ന് ബേബി പറയുന്നു. പിന്നീട് ഇതില്‍ പലതും പണയം വെച്ചു. ചിലത് വിറ്റു. എട്ടുമാസം കഴിഞ്ഞ് പെട്ടെന്ന് ഒരു ദിവസം ആശുപത്രിയില്‍ പോകുന്നു എന്ന് പറഞ്ഞ് എല്ലാവരും കൂടി പോയ പോക്ക് പിന്നെ തിരിച്ചുവന്നില്ലെന്നും സ്വര്‍ണവും കൊടുത്തില്ലെന്നും ബേബി പറഞ്ഞു.

സൗഹൃദത്തിന്റെ മറവില്‍ തന്ത്രപരമായി നെയ്യാറ്റിന്‍കര സബ് രജിസ്ട്രാര്‍ ഓഫീസില്‍ ബേബിയെ എത്തിച്ച് പന്ത്രണ്ടര സെന്റ് ഭൂമി ഭാര്യ ഗീതുവിന്റെ പേരിലേക്ക് സുജിന്‍ എഴുതി മാറ്റിയയെന്നാണ് മറ്റൊരു ആരോപണം.

ഒപ്പം താമസിക്കുന്നതിനിടെ പല തവണയായി രണ്ട് ലക്ഷം രൂപയും സജിനും ഗീതുവും ചേര്‍ന്ന് കൈക്കലാക്കിയെന്നും ബേബി പറയുന്നു. പലതവണ സ്വര്‍ണവും ഭൂമിയും പണവും ആവശ്യപ്പെട്ടെങ്കിലും തിരിച്ചുനല്‍കിയില്ല. ബേബി നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍മാനെ കണ്ട് പരാതി കൊടുത്തു. ചെയര്‍മാന്‍ ഇരുവരെയും വിളിച്ച് സംസാരിച്ചെങ്കിലും സുജിന്‍ വഴങ്ങിയില്ല. ബേബി മാരായമുട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.