ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി; ആനന്ദബോസിനെ കേന്ദ്രസർക്കാർ ഡല്‍ഹിക്ക് വിളിപ്പിച്ചു

ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി; ആനന്ദബോസിനെ കേന്ദ്രസർക്കാർ ഡല്‍ഹിക്ക് വിളിപ്പിച്ചു

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിക്ക്‌ പാത്രമായ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെ കേന്ദ്രസർക്കാർ ഡല്‍ഹിക്ക് വിളിപ്പിച്ചു. പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസുമായി അടുപ്പം കാണിക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാന നേതൃത്വം ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം അദ്ദേഹത്തെ ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായി ഉപയോഗിച്ചുപോരുന്ന ജയ് ബംഗ്ല എന്ന മുദ്രാവാക്യം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുത്ത പരിപാടിയില്‍ ഗവര്‍ണര്‍ ഉയര്‍ത്തിയിരുന്നു. ഇതാണ് സംസ്ഥാന ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചത്. മമതയുമായി ഗവര്‍ണര്‍ പ്രകടിപ്പിക്കുന്ന ചങ്ങാത്തത്തില്‍ ബിജെപി നേതൃത്വം അസ്വസ്ഥമാണ്.

ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ സെറോക്‌സ് മെഷീനായി എന്നായിരുന്നു ബിജെപിയുടെ രാജ്യസഭാ എംപി സ്വപന്‍ദാസ് ഗുപ്തയുടെ ആരോപണം. ഇതിന് പിന്നാലെ സംസ്ഥാന പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങളില്‍ നീരസം പ്രകടിപ്പിച്ചു. ഗവര്‍ണര്‍ ക്ഷണിച്ച പരിപാടിയില്‍ താന്‍ പങ്കെടുക്കില്ലെന്ന് സുവേന്ദു പരസ്യമായി പ്രഖ്യാപിച്ചു.

ഗവര്‍ണര്‍ക്കെതിരായ ബിജെപിയുടെ വിമര്‍ശനത്തില്‍ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടേയും അടുത്ത സുഹൃത്താണ് സ്വപന്‍ദാസ് ഗുപ്ത. അതിനാലാണ് സ്വപന്‍ദാസ് ഗുപ്ത വിമര്‍ശനവുമായി രംഗത്തെത്തിയതെന്ന് തൃണമൂല്‍ എംപി സൗഗത റോയ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.