'സ്റ്റോക്ക് കൃത്രിമവും അക്കൗണ്ടിംഗ് തട്ടിപ്പും: റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കുന്നു'; അദാനിയുടെ നിയമ നടപടി നേരിടാന്‍ തയ്യാറെന്ന് ഹിന്‍ഡന്‍ബര്‍ഗ്

'സ്റ്റോക്ക് കൃത്രിമവും അക്കൗണ്ടിംഗ് തട്ടിപ്പും:  റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കുന്നു'; അദാനിയുടെ നിയമ നടപടി നേരിടാന്‍ തയ്യാറെന്ന്  ഹിന്‍ഡന്‍ബര്‍ഗ്

ന്യൂഡല്‍ഹി: ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ച് അദാനി ഗ്രൂപ്പ് തട്ടിപ്പ് നടത്തുന്നുവെന്ന് തങ്ങള്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കുന്നതായി യു.എസ് ഫൊറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ്.

ഇതുസംബന്ധിച്ച് രണ്ട് വര്‍ഷമെടുത്ത് തയ്യാറാക്കിയ എല്ലാ രേഖകളും കൈവശമുണ്ട്. അദാനി ഗ്രൂപ്പ് പതിറ്റാണ്ടുകളായി വന്‍തോതിലുള്ള സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ടിംഗ്് തട്ടിപ്പിലും ഏര്‍പ്പെട്ടിരിക്കുകയാണ്. അദാനിയുടെ നിയമനടപടി നേരിടാന്‍ തയ്യാറാണ്.

റിപ്പോര്‍ട്ടിന്റെ അവസാനം 88 ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ 36 മണിക്കൂറായിട്ടും ഒരു ചോദ്യത്തിനും അദാനി ഗ്രൂപ്പിന് മറുപടിയില്ലെന്നും ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കി. .

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ഒരു ദിവസം ഏകദേശം 90,000 കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിനുണ്ടായത്. അദാനിയുടെ ലിസ്റ്റ് ചെയ്ത കമ്പനികളെല്ലാം ഇടിവ് നേരിട്ടു.

റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിച്ച് തുടങ്ങിയപ്പോള്‍ തന്നെ അദാനി ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. റിപ്പോര്‍ട്ട് നുണയെന്ന് വാദിച്ചെങ്കിലും ഇന്നലത്തെ വീഴ്ചയെ തടയാന്‍ കഴിഞ്ഞില്ല.

രണ്ടാമത്തെ വാര്‍ത്താക്കുറിപ്പിലാണ് ഹിന്‍ഡന്‍ബര്‍ഗിനെതിരെ നിയമ നടപടിയെടുക്കുമെന്ന് അദാനി ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കിയത്. ഓഹരി വിപണിയില്‍ 20,000 കോടി രൂപ സമാഹരിക്കാനായി ഇന്ന് നടക്കുന്ന അദാനി ഗ്രൂപ്പിന്റെ എഫ്.പി.ഒ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.