മെല്‍ബണ്‍ സിറോ മലബാര്‍ രൂപതയില്‍നിന്നുള്ള ആദ്യ വൈദികനായി ഫാ. ബിബിന്‍ വെള്ളാംപറമ്പില്‍ അഭിഷിക്തനായി

മെല്‍ബണ്‍ സിറോ മലബാര്‍ രൂപതയില്‍നിന്നുള്ള ആദ്യ വൈദികനായി ഫാ. ബിബിന്‍ വെള്ളാംപറമ്പില്‍ അഭിഷിക്തനായി

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയില്‍ ചരിത്രം കുറിച്ച് ബിബിന്‍ വെള്ളാംപറമ്പിലിന്റെ പൗരോഹിത്യ സ്വീകരണം. മെല്‍ബണ്‍ രൂപതയില്‍നിന്നുള്ള ആദ്യത്തെ വൈദികന്‍ എന്ന വിശേഷണത്തോടെയാണ് ഫാ. ബിബിന്‍ വെള്ളാംപറമ്പില്‍ പൗരോഹിത്യം സ്വീകരിച്ചത്.

നീണ്ട ഒന്‍പതു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് രൂപതയില്‍നിന്നൊരു വൈദികന്‍ പട്ടം നേടുന്നത്. രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂരിന്റെ കൈവെപ്പിലൂടെയാണ് തിരുപ്പട്ടം സ്വീകരിച്ചത്. മെല്‍ബണ്‍ വെസ്റ്റ് സെന്റ്. മേരീസ് സീറോ മലബാര്‍ പള്ളിയിലായിരുന്നു ചടങ്ങുകള്‍.

ദൈവത്തെ പ്രതി സന്മനസ്സോടെയായിരിക്കണം പൗരോഹിത്യ സ്വീകരണമെന്ന് മാര്‍ ബോസ്‌കോ പുത്തൂര്‍ ഉദ്‌ബോധിപ്പിച്ചു. മാര്‍പ്പാപ്പയോടും മെത്രാന്മാരോടുമുള്ള വിധേയത്വത്തെ വെല്ലുവിളിക്കുന്ന ഒരു സംസ്‌കാരത്തിലാണ് നാം ജീവിക്കുന്നത്. അവരവര്‍ക്ക് ഇഷ്ടമുള്ളത് മാത്രം പൗരോഹിത്യത്തില്‍ ചെയ്യുമ്പോള്‍ കത്തോലിക്ക സഭയാണ് തകരുന്നതെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകണം. എനിക്ക് എന്തു ലാഭം ഉണ്ടാകുമെന്ന് ചിന്തിക്കുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. പത്രോസ് ശ്ലീഹ പറയുന്നതു പോലെ ലാഭേച്ഛയോടെയായിരിക്കരുത്, തീക്ഷണതയോടെ കര്‍ത്താവിനു വേണ്ടി ബലിയാടാകുന്ന ജീവിതമായിരിക്കണം പുരോഹിതന്റേതെന്നും ബിഷപ്പ് പറഞ്ഞു.

ദൈവത്തിന്റെ അജഗണത്തെ പരിപാലിക്കുകയും നന്മയിലേക്കു നയിക്കുകയും ദൈവത്തോട് അടുപ്പിക്കുകയും ചെയ്യുക എന്നതാണ് പൗരോഹിത്യ ശുശ്രൂഷയെന്നും ആധിപത്യത്തിനുള്ള ഇടമല്ല അതെന്നും നവ വൈദികനെ പിതാവ് ഓര്‍മിപ്പിച്ചു.

1995 നവംബര്‍ 20 ന് ഇടുക്കി ജില്ലയിലെ കട്ടപ്പനയിലാണ് ഫാ. ബിബിന്റെ ജനനം. നെടുംകുന്നം സെന്റ് ജോണ്‍ ദ ബാപ്റ്റിസ് ഇടവകാംഗമായ ബിബിന്‍ വെള്ളാംപറമ്പില്‍ വി.വി സാബുവിന്റെയും ജാന്‍സി സാബുവിന്റെയും മകനാണ്. സഹോദരി ബിസ്മി കുര്യന്‍.

പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കുടുംബം കോട്ടയത്തേക്ക് താമസം മാറി. തുടര്‍ന്ന് നെടുംകുന്നം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഹൈസ്‌കൂളിലായിരുന്നു പഠനം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 2011 ജൂണ്‍ 12-ന് ചങ്ങനാശ്ശേരി അതിരൂപതയുടെ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. ചങ്ങനാശ്ശേരി എസ്.ബി കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി.



തുടര്‍ന്നാണ് ബിബിന്‍ വെള്ളാംപറമ്പില്‍ മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ ഭാഗമാകുന്നത്. ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ അദ്ദേഹത്തെ 2017 മെയില്‍ തത്ത്വശാസ്ത്ര പഠനത്തിനായി കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരിയിലേക്കും തുടര്‍ന്ന് 2019 ഓഗസ്റ്റില്‍ റോമിലെ പൊന്തിഫിസോ കോളജ് ഇന്റര്‍നാഷണല്‍ മരിയ മാത്തര്‍ എക്‌ളേസിയായില്‍ ദൈവശാസ്ത്ര പഠനത്തിനായും അയച്ചു.

റോമിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷം, തൃശ്ശൂരിലെ ഔവര്‍ ലേഡി ഓഫ് ഡോളേഴ്സ് ബസിലിക്കയില്‍ രണ്ടര മാസക്കാലം ഡയക്കണേറ്റ് ശുശ്രൂഷ പൂര്‍ത്തിയാക്കി. 2022 നവംബര്‍ 18-നാണ് ഫാ. ബിബിന്‍ മെല്‍ബണില്‍ എത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.