ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് കമ്പനികളില്‍ സാമ്പത്തിക ക്രമക്കേട് നടന്നെന്ന റിപ്പോര്‍ട്ടില്‍ സെബിയും റിസര്‍വ് ബാങ്കും അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. രാജ്യത്ത് സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാന്‍ ചുമതലപ്പെട്ട സ്ഥാപനങ്ങള്‍ എന്ന നിലയിലാണ് ഇവയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി.
അദാനി ഗ്രൂപ്പും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അടുത്ത ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ജയറാം രമേശ് പറഞ്ഞു. കാര്യങ്ങള്‍ മറച്ചുവയ്ക്കാനും സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താനും മോഡി സര്‍ക്കാരിന് ശ്രമിക്കാനായേക്കും. എന്നാല്‍ ഇന്ത്യന്‍ ധന വിപണിയും ബിസിനസ് രംഗവും ആഗോളവത്കരിക്കപ്പെട്ട ഈ കാലത്ത്, ഹിന്‍ഡന്‍ബര്‍ഗിനെപ്പോലുള്ള ഒരു സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് ഗൗനിക്കാതെ തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോപണങ്ങള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതാണ്. സാമ്പത്തിക സുതാര്യത ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് 1991 മുതല്‍ നടന്ന എല്ലാ നവീകരണ പ്രവര്‍ത്തനങ്ങളുമെന്ന് ജയറാം രമേശ് പറഞ്ഞു. ആഭ്യന്തര, വിദേശ നിക്ഷേപകര്‍ക്ക് തുല്യാവസരം ഉറപ്പുവരുത്താനാണ് ഇന്ത്യ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന മോഡി സര്‍ക്കാര്‍ ഇഷ്ടക്കാരായ ബിസിനസ് ഗ്രൂപ്പിന്റെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുകയാണോ? ഇത് കൊടുക്കല്‍ വാങ്ങലാണോ? എന്നും ജയറാം രമേശ് ചോദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.