ടി20 യിൽ കാലിടറി; ന്യൂസീലന്‍ഡിനോട് ഇന്ത്യയ്ക്ക് 21 റണ്‍സിന്റെ തോൽവി

ടി20 യിൽ കാലിടറി; ന്യൂസീലന്‍ഡിനോട് ഇന്ത്യയ്ക്ക് 21 റണ്‍സിന്റെ തോൽവി

റാഞ്ചി: ന്യൂസീലന്‍ഡിനെതിരായ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് തോൽവി. 21 റണ്‍സിനാണ് ന്യൂസീലന്‍ഡ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ന്യൂസീലന്‍ഡ് മുന്നിലെത്തി (1-0).

177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയെ ഞെട്ടിച്ചാണ് ന്യൂസീലന്‍ഡ് ബൗളിങ് തുടങ്ങിയത്. രണ്ടാം ഓവറില്‍ തന്നെ ഇഷാന്‍ കിഷനെ (നാല്) മടക്കി. മൂന്നാം ഓവറില്‍ രാഹുല്‍ ത്രിപാഠിയെ ജേക്കബ് ഡുഫി പൂജ്യത്തിന് പുറത്താക്കി. നാലാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിനെ (ഏഴ്) സാന്റ്‌നറും പുറത്താക്കിയതോടെ ഇന്ത്യ മൂന്നിന് 15 റണ്‍സെന്ന ദയനീയ സ്ഥിതിയിലായി.

എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച സൂര്യകുമാര്‍ യാദവ് - ഹാര്‍ദിക് പാണ്ഡ്യ സഖ്യം പിടിച്ചു നിൽപ്പിന് ശ്രമം നടത്തി. 68 റണ്‍സ് കൂട്ടിച്ചേര്‍ത്ത സഖ്യം ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ച ഘട്ടത്തില്‍ 12-ാം ഓവറില്‍ ഇഷ് സോദി സൂര്യകുമാര്‍ യാദവിനെ മടക്കി. 34 പന്തില്‍ നിന്ന് രണ്ട് സിക്‌സും ആറ് ഫോറുമടക്കം 47 റണ്‍സെടുത്താണ് സൂര്യ പുറത്തായത്. തൊട്ടടുത്ത ഓവറില്‍ ഹാര്‍ദിക്, ബ്രെയ്‌സ്‌വെല്ലിന് മുന്നില്‍ വീണതോടെ ഇന്ത്യയുടെ പ്രതീക്ഷ അവസാനിച്ചു. 20 പന്തില്‍ നിന്ന് 21 റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം.

ദീപക് ഹൂഡയും (10) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. ശിവം മാവി (രണ്ട്), കുല്‍ദീപ് യാദവ് (പൂജ്യം) എന്നിവരാണ് പുറത്തായ താരങ്ങൾ 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന്റേത് തകര്‍പ്പന്‍ തുടക്കമായിരുന്നു. ഡെവോണ്‍ കോണ്‍വെയെ കാഴ്ചക്കാരനാക്കി ഫിന്‍ അലന്‍ തകര്‍ത്തടിച്ച് തുടങ്ങിയതോടെ കിവീസ് സ്‌കോര്‍ കുതിച്ചു. എന്നാല്‍ 23 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം 35 റണ്‍സെടുത്ത അലനെ അഞ്ചാം ഓവറില്‍ മടക്കി വാഷിങ്ടണ്‍ സുന്ദറാണ് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചത്. പിന്നാലെ അതേ ഓവറില്‍ മാര്‍ച്ച് ചാപ്മാനെ (പുജ്യം) അവസാന പന്തില്‍ റിട്ടേണ്‍ ക്യാച്ചിലൂടെ സുന്ദര്‍ പുറത്താക്കി.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഗ്ലെന്‍ ഫിലിപ്‌സിനെ കൂട്ടുപിടിച്ച് കോണ്‍വെ 60 റണ്‍സ് ചേര്‍ത്തു. 22 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയടക്കം 17 റണ്‍സെടുത്ത ഫിലിപ്‌സിനെ കുല്‍ദീപ് യാദവ് പുറത്താക്കി. 18-ാം ഓവറില്‍ കോണ്‍വെയെ പുറത്താക്കി അര്‍ഷ്ദീപ് കിവീസിന്റെ സ്‌കോറിങ് വേഗം കുറച്ചു. അതേ ഓവറിലെ അഞ്ചാം പന്തില്‍ മികച്ചൊരു ത്രോയിലൂടെ മൈക്കല്‍ ബ്രെയ്‌സ്‌വെല്ലിനെ (ഒന്ന്) മടക്കി ഇഷാന്‍ കിഷനും സ്‌കോറിങ്ങിന് തടയിട്ടു. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറാണ് (ഏഴ്) പുറത്തായ മറ്റൊരു താരം. ഇന്ത്യയ്ക്കായി വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.