ലൈഫ് മിഷന്‍ കോഴ; എം. ശിവശങ്കറിനോട് ചൊവ്വാഴ്ച ഹാജരാകാന്‍ ഇ.ഡി നോട്ടീസ്

ലൈഫ് മിഷന്‍ കോഴ; എം. ശിവശങ്കറിനോട് ചൊവ്വാഴ്ച ഹാജരാകാന്‍ ഇ.ഡി നോട്ടീസ്

കൊച്ചി: ലൈഫ് മിഷന്‍ കോഴ ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കായിക-യുവജന ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കറിന് ഇ.ഡി നോട്ടീസ്.

ചൊവ്വാഴ്ച കൊച്ചി ഓഫീസില്‍ എത്താനാണ് നിര്‍ദേശം. ചൊവ്വാഴ്ച താന്‍ സര്‍വീസില്‍ നിന്ന് വിരമിക്കുകയാണെന്നും തിയതി മാറ്റി നല്‍കണമെന്നും ശിവശങ്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ലൈഫ് മിഷന്‍ കരാര്‍ ലഭിക്കുന്നതിനായി 4.48 കോടി രൂപയുടെ കോഴ നല്‍കിയെന്ന യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കരാര്‍ ലഭിക്കാന്‍ ഇടനില നിന്ന സ്വര്‍ണക്കടത്ത് കേസ് പ്രതിയും യുഎഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥയുമായ സ്വപ്ന സുരേഷിന് ഒരു കോടി രൂപ ലഭിച്ചെന്നും സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തല്‍. സ്വപ്നയെയും യുഎഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥന്‍ സരിത്തിനെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു.

സന്തോഷ് ഈപ്പന്‍, സ്വര്‍ണക്കടത്ത് കേസിലെ കൂട്ടുപ്രതി സന്ദീപ് നായര്‍ എന്നിവരെയും ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷന്‍ കേസില്‍ സിബിഐ കേസ് എടുത്തിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.