'ആരോപണം ഗൗരവമുള്ളത്, അന്വേഷണം വേണം'; അഡ്വ. സൈബി ജോസിനെതിരെ കൊച്ചി പൊലീസ് കമ്മീഷണര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി

'ആരോപണം ഗൗരവമുള്ളത്, അന്വേഷണം വേണം'; അഡ്വ. സൈബി ജോസിനെതിരെ കൊച്ചി പൊലീസ് കമ്മീഷണര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി

കൊച്ചി: ജഡ്‌ജിക്ക് നൽകാനെന്ന പേരിൽ സിനിമ നിർമാതാവിൽ നിന്ന് ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് കൂടിയായ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ കൈകൂലി വാങ്ങിയെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് കാട്ടി കൊച്ചി സിറ്റി പൊലീസ്‌ പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌ സമർപ്പിച്ചു. കേസിൽ അന്വേഷണം വേണമെന്നും സിറ്റി പൊലീസ്‌ കമീഷണർ കെ.സേതുരാമൻ ഡിജിപി അനിൽകാന്തിന്‌ നൽകിയ റിപ്പോർട്ടിൽ പറയുന്നു. 

ഇ-മെയിലായാണ്‌ റിപ്പോർട്ട്‌ സമർപ്പിച്ചത്‌. വസ്‌തുതാപരമായ റിപ്പോർട്ടാണ്‌ സമർപ്പിച്ചതെന്ന്‌ സിറ്റി പൊലീസ്‌ കമീഷണർ കെ.സേതുരാമൻ മാധ്യമങ്ങളോട്‌ പറഞ്ഞു. റിപ്പോർട്ട്‌ പരിശോധിച്ചശേഷം കേസിൽ എഫ്‌ഐആർ ഇടുന്നതിനെക്കുറിച്ച്‌ പൊലീസ്‌ തീരുമാനമെടുക്കും. 

കേസുമായി ബന്ധപ്പെട്ട്‌ വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ രേഖകൾ പൊലീസ്‌ പരിശോധിച്ചിരുന്നു. സൈബിയുടെത് ഉൾപ്പെടെയുള്ള മൊഴികൾ പൊലീസ്‌ രേഖപ്പെടുത്തിയിരുന്നു. താൻ വാങ്ങിയത് അഭിഭാഷക ഫീസാണെന്ന്‌ ഹൈക്കോടതി വിജിലൻസിന്‌ നൽകിയ മൊഴിയാണ്‌ പൊലീസ്‌ മുമ്പാകെയും സൈബി ആവർത്തിച്ചത്‌. കേസിൽ കക്ഷിയായ സിനിമ നിർമാതാവിന്റെയും സൈബിയുടെ ജൂനിയർ വക്കീലുമാരുടെയും മൊഴികളും പൊലീസ്‌ രേഖപ്പെടുത്തി. 

മൊത്തം മൂന്നു ജഡ്‌ജിമാരുടെ പേരിൽ സൈബി കക്ഷികളിൽനിന്ന്‌ വൻ തോതിൽ പണം കൈപ്പറ്റിയതായാണ്‌ ഹൈക്കോടതി വിജിലൻസിന്റെ കണ്ടെത്തൽ. ഒരു ജഡ്‌ജിയുടെ പേരിൽ മാത്രം 50 ലക്ഷം രൂപ വാങ്ങി. 

അഭിഭാഷകനെതിരെ നടപടി വേണമെന്നും ബാർ കൗൺസിലിനെ വിവരം അറിയിക്കണമെന്നും ഹൈക്കോടതി വിജിലൻസ് റിപ്പോർട്ടിലുണ്ട്‌. നാല് അഭിഭാഷകരാണ്‌ ഹൈക്കോടതി വിജിലൻസിന്‌ ഇത് സംബന്ധിച്ച് മൊഴി നൽകിയത്‌.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.