കൊച്ചിയില്‍ പടരുന്ന വിഷവായുവില്‍ ഹൈഡ്രോ കാര്‍ബണുണ്ടെന്ന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ റിപ്പോര്‍ട്ട്

 കൊച്ചിയില്‍ പടരുന്ന വിഷവായുവില്‍ ഹൈഡ്രോ കാര്‍ബണുണ്ടെന്ന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ റിപ്പോര്‍ട്ട്

കൊച്ചി: രാസഗന്ധം വമിക്കുന്ന കൊച്ചി നഗരത്തിലെ 14 സ്ഥലങ്ങളുടെ പട്ടികയുമായി സ്പെഷ്യല്‍ കമ്മീഷന്‍ ദേശീയ ഹരിതട്രിബ്യൂണലിന്റെ റിപ്പോര്‍ട്ട്. കൊച്ചിയില്‍ പടരുന്ന വിഷവായുവില്‍ ഹൈഡ്രോ കാര്‍ബണുണ്ടെന്നാണ് റിപ്പോര്‍ട്ട്. കലൂര്‍, കടവന്ത്ര മുതല്‍ വൈപ്പിന്‍ വരെ ഈ വിഷഗന്ധം എത്തുന്നു എന്നാണ് പരിസ്ഥിതിപ്രവര്‍ത്തകരുടെ പക്ഷം.

വ്യാവസായിക നഗരമായ കൊച്ചിയുടെ വ്യവസായങ്ങള്‍ എല്ലാം കേന്ദ്രീകരിച്ചിരിക്കുന്ന പ്രദേശങ്ങളാണ് ഇരുമ്പനം, ഏലൂര്‍, പാതാളം എന്നിവ. ബി.പി.സി.എല്ലും എച്ച്.പി.സി.എല്ലും അടങ്ങുന്ന പൊതുമേഖല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന ഇടം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇവിടങ്ങളില്‍ നിന്നെല്ലാം ഏതാനും കിലോമീറ്റര്‍ ദൂരെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഒരു എരൂര്‍ സ്വദേശിക്ക് ഉറക്കത്തിനിടയില്‍ ശ്വാസതടസം അനുഭവപ്പെട്ടു.

വീടിനകത്തെല്ലാം രൂക്ഷമായ രാസ ഗന്ധം. തൊട്ടടുത്ത് ഇരുമ്പനത്ത് നിന്നാണ് മലിനീകരണം. കഴിഞ്ഞ സെപ്റ്റംബറിലാണ് ദേശീയ ഹരിത ട്രൈബ്യൂണലില്‍ കൊച്ചി സ്വദേശിയായ ഈ ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയത്. ട്രൈബ്യൂണല്‍ സംഭവത്തെ കുറിച്ച് പഠിക്കാന്‍ വിദഗ്ദസമിതിയെ നിയോഗിച്ചു.

കമ്മീഷന്റെ പരിശോധന നീണ്ടു. പൊതുമേഖല സ്ഥാപനങ്ങളിലും സ്വകാര്യ വ്യവസായ ഫാക്ടറികളിലും മിന്നല്‍ പരിശോധനയുണ്ടായി. ഇതിന്റെ എല്ലാം ആകെ തുകയാണ് രാസ ഗന്ധം വമിക്കുന്ന 14 ഇടങ്ങളുടെ പേരുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഗ്രീന്‍ ട്രൈബ്യൂണലില്‍ എത്തിയത്. ഇത് 10 കിലോമീറ്റര്‍ ചുറ്റളവില്‍ പരക്കാമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നത്.

പക്ഷെ മനുഷ്യനെയും ജന്തുജാലങ്ങളെയും പതിയെ തീര്‍ക്കുന്ന ഹൈഡ്രോകാര്‍ബണ്‍ ഏത് കമ്പനിയാണ് പുറം തള്ളുന്നതെന്ന് റിപ്പോര്‍ട്ടിലില്ല. എന്തായാലും ഗ്രീന്‍ ട്രൈബ്യൂണല്‍ കേസെടുത്തിട്ടുണ്ട്. അന്വേഷണം നടത്തി ഹൈഡ്രോ കാര്‍ബണ്‍ പുറത്തേക്ക് ചീറ്റുന്ന കമ്പനികള്‍ക്കെതിരെ നടപടിയുണ്ടാകണമെന്നാണ് ആവശ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.