സതീശനും കിട്ടി ഇന്നോവ ക്രിസ്റ്റ; പ്രതിപക്ഷ നേതാവിന് പുതിയ കാര്‍ അനുവദിച്ച് സര്‍ക്കാര്‍

 സതീശനും കിട്ടി ഇന്നോവ ക്രിസ്റ്റ; പ്രതിപക്ഷ നേതാവിന് പുതിയ കാര്‍ അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സഞ്ചരിക്കാന്‍ പുതിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ വി.ഡി സതീശന്‍ ഉപയോഗിക്കുന്ന വാഹനം 2.75 ലക്ഷം കിലോമീറ്റര്‍ ഓടിയത് കണക്കിലെടുത്താണ് പുതിയ വാഹനം അനുവദിച്ചതെന്നാണ് വിവരം.

അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ പാവപ്പെട്ടവന്റെ ക്ഷേമ പെന്‍ഷന്‍ പോലും മുടങ്ങുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കും ചില മന്ത്രിമാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ആഡംബര കാറുകള്‍ വാങ്ങിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇട വരുത്തിയിരുന്നു. അതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവിനും പുതിയ കാര്‍ വാങ്ങുന്നത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ചിരുന്ന കാറാണ് ഇത്തവണ വി.ഡി സതീശനും നല്‍കിയിരുന്നത്. ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണിത്.

മൂന്ന് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ വിഐപി യാത്രകള്‍ക്ക് ഉപയോഗിക്കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടം. ഒരു ലക്ഷം കിലോമീറ്റര്‍ ഓടിയത് അല്ലെങ്കില്‍ മൂന്ന് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ വിഐപി ഉപയോഗത്തിന് നല്‍കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടത്തില്‍ പറയുന്നത്.

എന്നാല്‍ മന്ത്രിമാരും വിഐപികളും അംബാസിഡര്‍ കാറുകള്‍ ഔദ്യോഗിക വാഹനമായി ഉപയോഗിച്ചിരുന്ന പഴയ കാലത്തേതാണ് ഈ വ്യവസ്ഥ. ഇന്നോവ ക്രിസ്റ്റ പോലുള്ള പുതുതലമുറ വാഹനങ്ങള്‍ കൃത്യമായി അറ്റകുറ്റപ്പണി ചെയ്യുന്നതുകൊണ്ടുതന്നെ അഞ്ച് ലക്ഷം കിലോമീറ്റര്‍ പിന്നിട്ടവ വരെ തകരാറില്ലാതെ നിരത്തില്‍ ഓടുന്നുണ്ട്. എന്നിട്ടും സര്‍ക്കാരിന്റെ പഴയ ചട്ടത്തില്‍ കാലത്തിനൊത്ത മാറ്റം വന്നിട്ടില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.