ജമ്മു: കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ പുതിയ ഊര്‍ജം നല്‍കിയ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് കശ്മീരില്‍ സമാപനം. യാത്ര നടന്ന് നീങ്ങിയ വഴികളിലെല്ലാം മികച്ച പ്രതികരണമാണ് കിട്ടിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. യാത്രയുടെ ഫലം രാജ്യത്തിന് മുഴുവന്‍ ലഭിക്കും. ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമാണ് യാത്രയിലൂടെ ലഭിച്ചത്. വിദ്വേഷത്തിനെതിരായ സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് ജനങ്ങളോട് പറഞ്ഞതെന്നും യാത്രയെ പിന്തുണയ്ച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.
തന്റെ പൂര്‍വീകരുടെ ജന്മനാടായ കശ്മീരിലെത്തിയപ്പോള്‍ സ്വന്തം കുടുംബത്തിലേക്ക് വന്ന അനുഭവമാണ് ഉണ്ടായത്. ജമ്മു കശ്മീരിലെ ഇന്നത്തെ സ്ഥിതിയില്‍ ജനങ്ങള്‍ തൃപ്തരല്ല. തൊഴില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ ജനങ്ങള്‍ കടുത്ത അതൃപ്തിയിലാണ്. കശ്മീര്‍ പുനസംഘടനാ വിഷയത്തില്‍ പാര്‍ട്ടി നിലപാട് പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ വിശദീകരിച്ചു.
പദയാത്രയുടെ സമാപന ദിവസം മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷവിമര്‍ശനമാണ് രാഹുല്‍ ഉന്നയിച്ചത്. പക്ഷപാതിത്വ നിലപാടാണ് പല മാധ്യമങ്ങളും സ്വീകരിക്കുന്നത്. അവര്‍ പ്രതിപക്ഷത്തെ സഹായിക്കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
പന്താചൗക്കില്‍ നിന്ന് രാവിലെ പത്ത് മണിക്ക് തുടങ്ങിയ പദയാത്ര 12 മണിക്ക് ലാല്‍ ചൗക്കിലാണ് അവസാനിച്ചത്. തുടര്‍ന്ന് രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തിയതോടെ പദയാത്രക്ക് സമാപനമായി. സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പമുണ്ടായിരുന്നു. നാളെ നടക്കുന്ന സമാപന സമ്മേളനത്തോടെ ഭാരത് ജോഡോ ഔദ്യോഗികമായി സമാപിക്കും.
സമാപന സമ്മേളനത്തിലേക്ക് 23 പ്രതിപക്ഷ കക്ഷികളെ ക്ഷണിച്ചിട്ടുണ്ട്. ഇതില്‍ 13 കക്ഷികള്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഡി.എം.കെ, എന്‍.സി.പി, ആര്‍.ജെ.ഡി, ജനതാദള്‍ (യു), ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), കേരള കോണ്‍ഗ്രസ് (ജോസഫ്), പി.ഡി.പി, ജമ്മു കശ്മീര്‍ നാഷനല്‍ കോണ്‍ഫറന്‍സ്, ജെ.എം.എം, വിടുതലൈ ചിരുതൈകള്‍ കച്ചി (വി.സി.കെ) തുടങ്ങിയ പാര്‍ട്ടികള്‍ പങ്കെടുക്കും. തൃണമൂല്‍ കോണ്‍ഗ്രസ്, ബി.എസ്.പി, എസ്.പി, ജെ.ഡി.എസ്, ജെ.ഡി.യു, സി.പി.എം എന്നീ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കും.
2022 സെപ്റ്റംബര്‍ 7ന് കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ യാത്ര 4080 കിലോമീറ്ററാണ് പിന്നിട്ടത്. 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമായി 75 ജില്ലകളിലൂടെ യാത്ര കടന്നുപോയി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.