ബജറ്റ് അവതരിപ്പിക്കാന്‍ തടസമില്ലെന്ന് ഗവര്‍ണര്‍; ഹര്‍ജി പിന്‍വലിച്ച് തെലങ്കാന സര്‍ക്കാര്‍

ബജറ്റ് അവതരിപ്പിക്കാന്‍ തടസമില്ലെന്ന് ഗവര്‍ണര്‍; ഹര്‍ജി പിന്‍വലിച്ച് തെലങ്കാന സര്‍ക്കാര്‍

ഹൈദരാബാദ്: ബജറ്റ് അവതരിപ്പിക്കാന്‍ തടസമില്ലെന്ന് തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍. ഭരണഘടനാ വ്യവസ്ഥകള്‍ അനുസരിച്ച് ബജറ്റ് അവതരണം നടക്കുമെന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍ക്കെതിരായ ഹര്‍ജി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു.
വെള്ളിയാഴ്ചയാണ് ബജറ്റ് അവതരിപ്പിക്കേണ്ടത്. ധനമന്ത്രി ടി. ഹരിഷ് റാവുവാണ് ബജറ്റ് അവതരിപ്പിക്കുക.

ബജറ്റ് അവതരണത്തി അനുമതി നല്‍കണമെന്ന് ഗവര്‍ണറോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീം കോടതി അഭിഭാഷകനായ ദുഷ്യന്ത് ദവെയാണ് സംസ്ഥാന സര്‍ക്കാരിനായി ഹാജരായത്.

അതേസമയം നയപ്രഖ്യാപന പ്രസംഗത്തിന് അവസരം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഇതു സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് മറുപടി ലഭിക്കാത്തതിനാലാണ് ബജറ്റിന് അനുമതി നല്‍കുന്നത് നീണ്ടു പോകുന്നതെന്നും ഗവര്‍ണറുടെ അഭിഭാഷകന്‍ കോടതില്‍ വാദിച്ചു. എന്നാല്‍ നയപ്രഖ്യാപന പ്രസംഗവും ബജറ്റും രണ്ടാണെന്ന് ദുഷ്യന്ത് ദവെ കോടതിയില്‍ വിശദീകരിച്ചു.

ജനുവരി മൂന്നാം ആഴ്ച തന്നെ ബജറ്റിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട ഫയലുകള്‍ ഗവര്‍ണറുടെ ഓഫിസിലേക്ക് അയച്ചിരുന്നു. എന്നാല്‍ അനുമതി നല്‍കാന്‍ ഗവര്‍ണര്‍ തയാറാകാത്തതിനാലാണ് കോടതിയെ സമീപിച്ചത്. ബജറ്റ് അവതരിപ്പിക്കാന്‍ നാലു ദിവസം മാത്രമേ ശേഷിക്കുന്നുള്ളുവെങ്കിലും ഇതുമായി ബന്ധപ്പെട്ട് രാജ്ഭവനില്‍ നിന്ന് യാതൊരു വ്യക്തതയും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട വിശദാശംങ്ങള്‍ ഗവര്‍ണറുടെ ഓഫിസ് തേടി. ബജറ്റിന് മുന്നോടിയായുള്ള പ്രസംഗത്തിന്റെ കോപ്പിയും ഗവര്‍ണറുടെ ഓഫിസ് ആവശ്യപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.