ഡെറാഡൂണ്‍: വിവാദ പ്രതികരണവുമായി ഉത്തരാഖണ്ഡ് മന്ത്രി ഗണേഷ് ജോഷി. രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ലെന്നും മുന്‍ പ്രധാന മന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങള്‍ അപകടങ്ങളാണെന്നുമാണ് ഉത്തരാഖണ്ഡ് മന്ത്രി ഗണേഷ് ജോഷിയുടെ അഭിപ്രായം.
ശ്രീനഗറില്‍ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിന്റെ പ്രസംഗത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ദിരയുടെയും രാജീവിന്റെയും മരണം ഓര്‍മിച്ചതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
''രാഹുല്‍ ഗാന്ധിയുടെ ബുദ്ധിയില്‍ എനിക്ക് ഖേദമുണ്ട്. രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ ഭഗത് സിങ്, സവര്‍ക്കര്‍, ചന്ദ്രശേഖര്‍ ആസാദ് എന്നിവരുടെ രക്തസാക്ഷിത്വങ്ങളും ഉണ്ടായിട്ടുണ്ട്. ഗാന്ധി കുടുംബത്തിലെ അംഗങ്ങള്‍ക്ക് സംഭവിച്ചത് അപകടങ്ങളാണ്. രക്തസാക്ഷിത്വവും അപകടങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. ഒരാള്‍ക്ക് അയാളുടെ ബുദ്ധിയുടെ നിലവാരത്തിന് അനുസരിച്ച് മാത്രമല്ലേ സംസാരിക്കാന്‍ കഴിയൂ''- ഗണേഷ് ജോഷി പറഞ്ഞു.
രാഹുല്‍ ഗാന്ധി ജമ്മു കശ്മീരില്‍ ഭാരത് ജോഡോ യാത്ര സുഗമമായി പൂര്‍ത്തിയാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച ഗണേഷ് ജോഷി അതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്കാണെന്നും അവകാശപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീര്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്തില്ലായിരുന്നുവെങ്കില്‍, രാഹുല്‍ ഗാന്ധിക്ക് ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്താന്‍ കഴിയുമായിരുന്നില്ല എന്നായിരുന്നു ഗണേഷ് ജോഷിയുടെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v