നിരോധിത സംഘടനകളുമായി ബന്ധം: കേരളത്തിലെ പത്ത് മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് എന്‍ഐഎ വിവരങ്ങള്‍ തേടി

നിരോധിത സംഘടനകളുമായി ബന്ധം: കേരളത്തിലെ പത്ത് മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് എന്‍ഐഎ വിവരങ്ങള്‍ തേടി

കൊച്ചി: നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട് രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടം പ്രസിദ്ധീകരിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി മലയാളികളായ പത്ത് മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വിവരങ്ങള്‍ തേടി.

എന്‍ഐഎയുടെ കൊച്ചി ഓഫീസില്‍ വിളിച്ചു വരുത്തിയാണ് മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ തേടിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ വിശദാംശങ്ങള്‍ തേടും എന്നാണ് അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അന്വേഷണഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.

ഇവരില്‍ പലര്‍ക്കും ഒരു നിരോധിത സംഘടനയുമായി കേവലം വാര്‍ത്തകള്‍ നല്‍കുന്നതിന് അപ്പുറം ഉള്ള ബന്ധങ്ങള്‍, അവരുടെ നേതാക്കളുമായി ഉള്ള ബന്ധം, ആശയ രൂപീകരണത്തിലെയും പ്രചാരണത്തിലെയും പങ്ക്, മാധ്യമങ്ങളിലെയും സമൂഹ മാധ്യമങ്ങളിലെയും ഇടപെടലുകള്‍, അതുവഴി മറ്റുള്ളവരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, വരുമാന സ്രോതസ്, പലപ്പോഴായി നടത്തിയ വിദേശ യാത്രകള്‍ ഇവയെല്ലാം കുറിച്ച് നേരിട്ടുള്ള വിവര ശേഖരണമാണ് എന്‍ഐഎ നടത്തുന്നത്.

സംസ്ഥാനത്തെ പ്രമുഖ അച്ചടി, ടെലിവിഷന്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും പ്രവര്‍ത്തിച്ചിരുന്നവരുമായ മാധ്യമ പ്രവര്‍ത്തകര്‍ ഇക്കൂട്ടത്തിലുണ്ട്. പലരും ഒന്നിലേറെ സ്ഥാപനങ്ങളിലായി 15 മുതല്‍ 30 വര്‍ഷം വരെ പ്രവര്‍ത്തിച്ച പരിചയമുള്ളവരാണ്.

ന്യൂഡല്‍ഹി, ഹൈദരാബാദ് യൂണിറ്റുകളിലെ എന്‍ഐഎ ഉദ്യോഗസ്ഥരാണ് ഇവരില്‍ നിന്നും വിവരം രേഖപ്പെടുത്തുന്നത്. ഈ ഉദ്യോഗസ്ഥര്‍ ഒരാഴ്ചയിലേറെയായി കേരളത്തിലുണ്ട്. കൂടാതെ കൊച്ചി യൂണിറ്റിലെ മലയാളി ഉദ്യോഗസ്ഥരുടെ സഹായവും ലഭ്യമാക്കുന്നുണ്ട്.

ദേശീയ താല്‍പര്യത്തിന് വിരുദ്ധ സ്വഭാവമുളള കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍ക്കനുകൂലമായ വാര്‍ത്തകളുടെ പേരില്‍ എന്‍ഐഎ ചില മാധ്യമ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിരുന്നു. ഇതിനു പുറമെയാണ് പ്രതികളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും ഇവരെ സ്ഥിരമായി ബന്ധപ്പെടുന്നവരുടെ വിശദാംശങ്ങളും രേഖകളും ശേഖരിച്ച ശേഷം രണ്ടാം ഘട്ട മൊഴിയെടുപ്പ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.