തിരുവനന്തപുരം: വര്‍ക്കലയില്‍ അങ്കണവാടിയില്‍ പോകാന്‍ മടി കാണിച്ച മൂന്ന് വയസുകാരിയെ അമ്മൂമ്മ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മൂമ്മയും അച്ഛനും അറസ്റ്റില്‍. ജുവനൈല്‍ ജസ്റ്റിസ് വകുപ്പ് പ്രകാരം കേസില്‍ അമ്മൂമ്മയേയും അച്ഛനേയും പ്രതിചേര്‍ത്ത് വര്‍ക്കല പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
പ്രതികള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന വകുപ്പിന് പുറമേ കരുതിക്കൂട്ടിയുള്ള മര്‍ദനം, ആയുധം കൊണ്ട് അല്ലെങ്കില്‍ മറ്റ് എന്തെങ്കിലും സാധനങ്ങള്‍ കൊണ്ടുള്ള ആക്രമണം എന്നിങ്ങിനെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം നേരത്തെ റിപ്പോര്‍ട്ട് ചെയ്തതില്‍ നിന്നും വ്യത്യസ്തമായാണ് പൊലീസ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അങ്കണവാടിയില്‍ പോകാന്‍ മടി കാണിച്ചതിനാണ് കുട്ടിയുടെ അമ്മയുടെ അമ്മ വടികൊണ്ട് പൊതിരെ തല്ലിയതെന്നായിരുന്നു മുന്‍പ് പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ അങ്കണവാടിയില്‍ പോകാതെ പ്രതികളുമായി വിരോധമുള്ളവരുടെ വീട്ടില്‍ കുട്ടി പോയതിന്റെ ദേഷ്യത്തിലാണ് അമ്മൂമ്മ ആ വീട്ടില്‍ നിന്ന് കുട്ടിയെ വിളിച്ചിറക്കി മര്‍ദ്ദിച്ചതെന്നും വൈകിട്ട് വീട്ടില്‍ എത്തിയ പിതാവും ഇത് അറിഞ്ഞ് കുട്ടിയെ വീണ്ടും മര്‍ദിച്ചുവെന്നുമാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കുഞ്ഞിനെ അമ്മൂമ്മ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍വാസി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ ദൃശ്യങ്ങള്‍ അതിവേഗം പ്രചരിച്ചു. കുഞ്ഞിനെ രക്ഷിതാക്കള്‍ പതിവായി മര്‍ദ്ദിക്കാറുള്ളതായും നാട്ടുകാര്‍ പൊലീസിനെ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.