കടം കൂടി; പ്രതിസന്ധി രൂക്ഷം: സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍

കടം കൂടി; പ്രതിസന്ധി രൂക്ഷം: സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി തുടരുമെന്ന സൂചനകള്‍ നല്‍കി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സഭയില്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12.01 ശതമാനം വളര്‍ച്ച കൈവരിച്ചതായും സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നത്തെ നിയമസഭാ സമ്മേളനത്തില്‍ ധനമന്ത്രി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മുന്‍ വര്‍ഷങ്ങളില്‍ നെഗറ്റിവ് ആയിരുന്ന കാര്‍ഷിക, വ്യവസായ മേഖലകള്‍ മികച്ച തിരിച്ചുവരവ് നടത്തി. 2021-22ല്‍ പ്രതിശീര്‍ഷ മൊത്ത സംസ്ഥാന ആഭ്യന്തര ഉല്‍പാദനം 1,62,992 രൂപയാണ്.

ദേശീയ തലത്തില്‍ ഒരാളുടെ ശരാശരി വരുമാനത്തെക്കാള്‍ കൂടുതലാണ് കേരളത്തിലെ ഒരാളുടെ ശരാശരി വരുമാനമെന്ന് സര്‍വേ പറയുന്നു. ധനകമ്മിയും മൊത്ത ആഭ്യന്തര ഉല്‍പാദനവും തമ്മിലുള്ള അന്തരം 4.11 ശതമാനം കുറഞ്ഞു.

റവന്യു വരുമാനം വര്‍ധിച്ച് 12.86 ശതമാനം ആയി. തനതു നികുതി വരുമാനവും നികുതിയേതര വരുമാനവും വര്‍ധിച്ച് സംസ്ഥാനത്തിന്റെ മൊത്തവരുമാനം 19.94 ശതമാനം വര്‍ധിക്കുമെന്ന് സര്‍വേയില്‍ പറയുന്നു.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി തുടരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളാണ് പ്രതിസന്ധിക്ക് കാരണം എന്നാണ് റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുക്കുന്ന കടം സംസ്ഥാനത്തിന്റെ കടത്തില്‍ ഉള്‍പ്പെടുത്തിയത് തിരിച്ചടിയായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

വളര്‍ച്ചയോടൊപ്പം തന്നെ കേരളത്തിന്റെ പൊതുകടം കൂടുന്ന സ്ഥിതിയുമുണ്ടായി. കഴിഞ്ഞ വര്‍ഷം പൊതുകടം 2.10 ലക്ഷം കോടിയായി ഉയര്‍ന്നു. 20-21 ല്‍ ഇത് 1.90 ലക്ഷം കോടിയായിരുന്നു.

മൂലധന ചെലവ് 15438 കോടിയില്‍ നിന്ന് 17046 കോടിയായി. തൊഴിലില്ലായ്മ നിരക്കും വര്‍ധിച്ചിട്ടുണ്ട്. ദേശീയ പ്രാദേശിക സാമ്പത്തിക മാന്ദ്യവും ഈ പ്രതിസന്ധിക്ക് കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.

സംസ്ഥാനത്തെ ശമ്പള പെന്‍ഷന്‍ ചെലവുകള്‍ വര്‍ധിച്ചിട്ടുണ്ട്. കൂടാതെ, വരും വര്‍ഷം റവന്യൂ ചെലവുകള്‍ നിയന്ത്രിക്കണമെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. റവന്യൂ ചെലവ് 22.46 ശതമാനത്തില്‍ നിന്നും 30.44 ശതമാനമായാണ് ഉയര്‍ന്നത്. നികുതി നികുതിയേതര വിഭവങ്ങളുടെ അധിക സമാഹരണം നടത്തിയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും എന്ന് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.