ബിബിസി ഡോക്യുമെന്ററി വിലക്ക്: ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ബിബിസി ഡോക്യുമെന്ററി വിലക്ക്: ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ ബിബിസി ഡോക്യുമെന്ററി വിലക്ക് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. ഡോക്യുമെന്ററി വിലക്കിയ കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്ത് രണ്ട് ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്.

മാധ്യമപ്രവർത്തകൻ എൻ റാം, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര എന്നിവരുടേതാണ് ഒരു ഹർജി. അഭിഭാഷകൻ എംഎൽ ശർമ്മയാണ് രണ്ടാമത്തെ ഹർജിക്കാരൻ.

അധികാരത്തിലിരിക്കുന്നവർക്ക് അനുകൂലമല്ല എന്നത് കൊണ്ട് ഡോക്യുമെന്ററി വിലക്കാനാകില്ലെന്നാണ് ഹർജിക്കാരുടെ വാദം. ഓൺലൈൻ വാർത്താപത്രികകളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള മാർഗ രേഖയിലെ (ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) ഹൈക്കോടതി സ്റ്റേ ചെയ്ത വകുപ്പുകൾ ഉപയോഗിച്ചാണ് ഡോക്യുമെന്ററി ലിങ്കുകൾ മാറ്റിയതെന്ന വാദങ്ങളും ഹർജികളിലുണ്ട്.

ഡോക്യുമെന്ററി വിലക്കിനെതിരായ ഹർജികളിൽ നേരത്തെ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു വിമർശനം ഉന്നയിച്ചിരുന്നു. സുപ്രീംകോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുന്നതാണ് ഇത്തരം ഹർജികളെന്നാണ് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടത്.

2002 ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ പങ്കുണ്ടെന്നു കരുതുന്ന ബിബിസിയുടെ ‘ഇന്ത്യ: ദ് മോഡി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയാണ് സമൂഹ മാധ്യമങ്ങളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും കേന്ദ്രസർക്കാർ വിലക്കിയത്. ഇതിനെതിരായ പ്രതിഷേധമെന്ന നിലയിൽ രാജ്യത്താകെ പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.